അഴീക്കോട് - മുനമ്പം പാലം നിർമ്മാണം ദ്രുതഗതിയിലാക്കൻ നീക്കം
കൊടുങ്ങല്ലൂർ: ടെൻഡർ നടപടികൾ പൂർത്തിയായ അഴീക്കോട് മുനമ്പം പാലത്തിന്റ പണി ഏപ്രിലിൽ ആരംഭിക്കാൻ തിരക്കിട്ട ശ്രമം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.
മറ്റു നിബന്ധനകളെല്ലാം പൂർത്തിയാക്കി മാർച്ച് അവസാനത്തോടെ കരാർ ഒപ്പിടാനും ഉടൻ നിർമ്മാണം ആരംഭിക്കാനുമാണ് അധികൃതരുടെ നീക്കം. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഉന്നതതല യോഗങ്ങൾ അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടക്കും. പാലത്തിനായി അഴീക്കോട്ടും എറണാകുളം ജില്ലയിലെ മുനമ്പത്തും ഭൂമി ഏറ്റെടുക്കുന്നതിനായി മാർച്ച് ആദ്യവാരം എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരുടെ യോഗം റവന്യു മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കും.
മുനമ്പത്ത് 20.99 ഹെക്ടറും അഴീക്കോട് 24.5 ഹെക്ടർ സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അധികൃതർ സ്ഥലം പരിശോധിച്ച് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇരുഭാഗത്തെയും മാറ്റേണ്ടി വരുന്ന കുടിവെള്ള പൈപ്പുകൾ, കെ.എസ്.ഇ.ബി, ടെലിഫോൺ ലൈനുകൾ എന്നിവയുടെ കണക്കെടുപ്പുകളും ആരംഭിച്ചു.
പാലം വരുമ്പോൾ
അഴീക്കോട് ജെട്ടിയുടെ പടിഞ്ഞാറ് ഭാഗത്തായാണ് പാലം പണിയുന്നത്. ഇതിനായി അഴീക്കോട് ജെട്ടിയിൽ കാര്യമായ മാറ്റം വേണ്ടിവരില്ലെങ്കിലും മുനമ്പം ജെട്ടി പൂർണമായും ഇവിടെ നിന്ന് മാറ്റേണ്ടിവരും. ജങ്കാറിനെ ജെട്ടിയോട് അടുപ്പിച്ചുനിറുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് അടുത്തകാലത്ത് മുനമ്പം ജെട്ടിയിൽ സ്ഥാപിച്ച ഊന്നുകുറ്റി മാറ്റി സ്ഥാപിക്കേണ്ടിവരും.
ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പാലം
154.65 കോടി രൂപയാണ് പാലം നിർമ്മാണത്തിനും അനുബന്ധ ജോലികൾക്കുമായി കിഫ്ബി അനുവദിച്ചിട്ടുള്ളത്.
14.61 കോടി രൂപ സ്ഥലം ഏറ്റെടുക്കാനായി നീക്കിവച്ചിട്ടുണ്ട്. 868.60 മീറ്റർ നീളമുള്ള പാലത്തിന് മദ്ധ്യഭാഗത്ത് 12 മീറ്ററും ഇരുഭാഗങ്ങളിലും 8.41 മീറ്ററും ഉയരമുണ്ടാവും. നിർമ്മാണം പൂർത്തിയാകുമ്പോൾ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പാലമായിരിക്കും അഴീക്കോട് മുനമ്പം പാലം.