കാരമുക്ക് റോഡരികിലെ അജൈവ മാലിന്യം ഹരിത കർമ്മസേന അംഗങ്ങൾ നീക്കം ചെയ്യുന്നു.
നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
കാഞ്ഞാണി: കാരമുക്കിലെ റോഡരികുകളിൽ സ്ഥിരമായി നിക്ഷേപിച്ചിരുന്ന മാലിന്യക്കൂമ്പാരം ഹരിതസേന അംഗങ്ങൾ നീക്കം ചെയ്തു. വീടുകളിലെയും മറ്റും അജൈവ മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലുമാക്കി റോഡരികുകളിൽ നിക്ഷേപിക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. പന്ത്രണ്ട്, പതിനേഴ് എന്നീ വാർഡുകളിലാണ് ഏറ്റവും കൂടുതൽ മാലിന്യക്കൂമ്പാരം ഉണ്ടായിരുന്നത്. മാസങ്ങളായിട്ടും മാലിന്യം നീക്കം ചെയ്യാത്തത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
വീടുകളിൽ നിന്ന് പ്ലാസ്റ്റിക്ക് കവറുകൾ ഉൾപ്പെടയുള്ള സാധനങ്ങൾ ശേഖരിക്കുന്നുന്നതിന് ഹരിത സേനാംഗങ്ങൾക്ക് മാസത്തിൽ 50 രൂപ കൊടുക്കണമെന്നിരിക്കെ ഈ പണം നൽകാതിരിക്കാൻ വേണ്ടിയാണ് ആളുകൾ റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതെന്ന് പന്ത്രണ്ടാം വാർഡ് അംഗം ബിന്ദു സതീശ് പറഞ്ഞു. ഹരിത സേനാംഗങ്ങളുടെ നേതൃത്വത്തിൽ രണ്ട് ലോഡ് മാലിന്യം പഞ്ചായത്തിന്റെ വണ്ടിയിൽ കയറ്റി കാഞ്ഞാണി ആനക്കാട്ടിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇനിയും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥിതി തുടർന്നാൽ സമീപ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.