അന്തിക്കാട് പൊലീസ് സ്റ്റേഷന് കീഴിലുള്ള പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റിന് മുമ്പിലെ കാഴ്ച.
പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷൻ
അന്തിക്കാട്: ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഗോഡൗണിന് സമാനമായി പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷന്റെ മുഖ കവാടം മാറി. പൊതുമരാമത്ത് റോഡിൽ നിരവധി കേസുകളിൽപ്പെട്ട് പൊലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ തള്ളിയിരിക്കുന്നത്. കേസുകൾ അവസാനിക്കാൻ കാലതാമസം നേരിടുന്നതിനാൽ ലേലം ചെയ്യാൻ കഴിയാത്ത സ്ഥിതിയുമാണ്.
റോഡരികുകളിൽ ഇത്തരം വാഹനങ്ങൾ കൂട്ടിയിടുന്നത് സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ കർശന നിലപാടെടുത്തിരുന്നു. തുടർന്ന സ്ഥലമുള്ള സ്റ്റേഷൻ കോമ്പൗണ്ടുകളിലേക്ക് വാഹനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റിന് മുമ്പിൽ സാധനങ്ങൾ നിക്ഷേപിച്ചതെന്നാണ് സൂചന.
അന്തിക്കാട് പെരിങ്ങോട്ടുകര പ്രധാന പാതയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കയറുന്ന വഴി പല സ്റ്റേഷനുകളിൽ നിന്നുള്ള വാഹനങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്. ഇതുമൂലം പ്രധാന പാതയുടെ ദൃഷ്ടി മറയ്ക്കുന്ന സ്ഥിതിയാണ്.
പൊലീസ് ക്യാമ്പിലേക്കോ മറ്റോ ഇവ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വിസ്തൃതിയിൽ ജില്ലയിലെ വലിയ സ്റ്റേഷനുകളിൽ ഒന്നായ അന്തിക്കാട് സ്റ്റേഷനെ വിഭജിച്ച് പെരിങ്ങോട്ടുകരയിൽ പുതിയ സ്‌റ്റേഷൻ വേണമെന്ന ആവശ്യത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിനിടയിലാണ് അധികാരികളുടെ ഇത്തരത്തിലുള്ള നീക്കം.