 
ടാറിംഗിന് പിറകെ കുടിവെള്ളപൈപ്പ് പൊട്ടി
തളിക്കുളം: ടാറിംഗിന് പിറകെ കുടിവെള്ള പൈപ്പ് പൊട്ടി വീണ്ടും റോഡ് തകർന്നു. കിഴക്കേ ടിപ്പുസുൽത്താൻ റോഡിനാണ് ഈ ദുരവസ്ഥ. റോഡിന് മദ്ധ്യഭാഗത്തുകൂടെയാണ് കുടിവെള്ളപൈപ്പ് പോയിരിക്കുന്നത്. പൈപ്പുകൾ പൊട്ടിയതോടെ റോഡ് തകർന്ന് യാത്ര ദുഷ്‌കരമായി. വാടാനപ്പിള്ളി മുതൽ നാട്ടിക വരെയുള്ള ഭാഗത്തെ റോഡ് ഒരു മാസം മുമ്പാണ് ടാറിംഗ് നടത്തിയത്. പണി കഴിഞ്ഞ് പോയതിന് പിന്നാലെയാണ് പുന്നച്ചോട്, കലാഞ്ഞി പാലത്തിന് തെക്ക് എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലേക്കൊഴുകിയത്. പുന്നച്ചോട് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് നന്നാക്കിയിരുന്നു. എന്നാൽ കലാഞ്ഞിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം കുത്തിയൊലിച്ചു പോകുകയാണ്. ഇത് റോഡിൽ വലിയ കുഴികൾ രൂപപ്പെടാൻ കാരണമായി. റോഡിലൂടെ ഒഴുകുന്ന വെള്ളം സമീപത്തെ വീടിന്റെ മുറ്റത്ത് തളം കെട്ടിയിരിക്കുകയാണ്. കുടിവെള്ളത്തിനായി നാട്ടുകാർ വലയുമ്പോഴാണ് കഴിഞ്ഞ അഞ്ച് ദിവസമായി കുടിവെള്ളം റോഡിൽ പാഴാകുന്നത്. ജല അതോറിറ്റി പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് വെട്ടിപ്പൊളിച്ചു വേണം ഇനി പൈപ്പ് നന്നാക്കാൻ. വെട്ടിപ്പൊളിച്ചാൽ നന്നാക്കാൻ വർഷങ്ങളെടുക്കുമെന്ന് നാട്ടുകാർ പറയുന്നു. അതുവരെ പൈപ്പ് പൊട്ടുന്നിടത്ത് കുഴികൾ നിലനിൽക്കുന്ന അവസ്ഥയാണ്. ഗീത ഗോപി എം.എൽ.എയായിരുന്നപ്പോൾ ദ്രവിച്ച പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. പിന്നീട് പൈപ്പിന്റെ അളവെടുക്കൽ നടന്നെങ്കിലും പഴയത് മാറ്റി പുതിയത് സ്ഥാപിക്കാനായില്ല.