
ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭന് ഗുരുവായൂർ ദേവസ്വത്തിന്റെ സ്മരണാഞ്ജലി. പത്മനാഭന്റെ രണ്ടാമത് അനുസ്മരണ ദിനത്തിലാണ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഭക്തരും ആനപ്രേമികളും സ്മരണാഞ്ജലിയർപ്പിച്ചത്. രാവിലെ ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ പ്രതിമയ്ക്ക് മുന്നിലായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതിയിലെ സ്ഥിരാംഗം മല്ലിശ്ശേരി പമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് പുഷ്പമർപ്പിച്ചു. ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് പത്മനാഭന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പത്മനാഭൻ അനുസ്മരണം വിപുലമായി ആചരിക്കാനാണ് ദേവസ്വം ഭരണസമിതി നേരത്തെ തിരുമാനിച്ചിരുന്നത്.
സഹസ്രകലശച്ചടങ്ങുകൾക്ക് തുടക്കം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന സഹസ്രകലശച്ചടങ്ങുകൾക്ക് ഇന്നലെ തുടക്കമായി. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ മ്പൂതിരിപ്പാടിന് ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൂറയും പവിത്രവും നൽകി ആചാര്യവരണം നിർവഹിച്ചു.
തുടർന്ന് മുളയറയിൽ കലശത്തിന്റെ മുളയിടൽ ചടങ്ങ് നടന്നു. എട്ട് ദിവസത്തെ കലശച്ചടങ്ങുകളിൽ ശുദ്ധികർമ്മം, ഹോമം, കലശാഭിഷേകം എന്നിവ നടക്കും. 12 ന് തത്വകലശാഭിഷേകവും 13 ന് ആയിരം കുടം കലശം , ബ്രഹ്മകലശാഭിഷേകം എന്നിവയും നടക്കും. ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് നടക്കുന്ന ആനയോട്ടം 14 ന് വൈകിട്ട് 3 ന് നടക്കും.
രാത്രി 9 ന് ക്ഷേത്രം തന്ത്രി പത്ത് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയേറ്റും. 23 ന് ആറാട്ട് ചടങ്ങുകൾക്ക് ശേഷം കൊടിയിറങ്ങുന്നതോടെയാണ് ഉത്സവം സമാപിക്കുക.