പാവറട്ടി: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ബാധിച്ച് ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെടണമെന്ന് വൃക്കരോഗികളുടെ സംഘടനയായ പോർഫ ആവശ്യപ്പെട്ടു. രാത്രി ഡയാലിസിസ് ഇല്ലാത്ത സർക്കാർ ഡയാലിസിസ് കേന്ദ്രങ്ങളിൽ രാത്രിയും ഡയാലിസിസ് ചെയ്യാവുന്ന സാഹചര്യം ഒരുക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാകണം. കൊവിഡ് സാഹചര്യത്തിൽ വൃക്കരോഗികൾക്ക് സൗജന്യമായി മരുന്നും ചികിത്സാ സൗകര്യങ്ങളും നൽകണമെന്നും കാൻസർ പോലുള്ള അസുഖം ബാധിച്ച രോഗികൾക്ക് നൽകുന്നത് പോലെ വൃക്കരോഗം ബാധിച്ചവർക്കും മാസംതോറും സാമ്പത്തിക സഹായവും അനുവദിക്കണമെന്നും പോർഫ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.ഐ. സുരേഷ് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി. പീതാംബരൻ അദ്ധ്യക്ഷനായി. ട്രഷറർ സുരേഷ് പഴയന്നൂർ സംസാരിച്ചു.