
തൃശൂർ: കരുവന്നൂർ വായ്പാ തട്ടിപ്പിൽ പങ്കുള്ള സഹകരണ വകുപ്പ് ജീവനക്കാരുടെ സസ്പെൻഷൻ കാലാവധി നീട്ടാൻ സാദ്ധ്യത. കാലാവധി അവസാനിക്കുകയാണ്. 16 പേരെ സസ്പെൻഡ് ചെയ്തതിന്റെ കാലാവധി 10ന് അവസാനിക്കുകയാണ്. ആറ് മാസത്തിനുള്ളിൽ തുടർ നടപടിയെടുക്കണമെന്നാണ് ചട്ടം. മെമ്മോ നൽകി വിശദീകരണം കേൾക്കുകയും സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകുകയും ചെയ്തെങ്കിലും നടപടി ഉണ്ടായിട്ടില്ല. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ വിരമിച്ച 12 ഉദ്യോഗസ്ഥരുടെ പെൻഷൻ 10,000- 15,000 രൂപ വരെ 3-5 വർഷത്തേക്ക് കുറച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആക്ഷേപമുണ്ടെങ്കിൽ ബോധിപ്പിക്കാൻ അവസരം നൽകണം. ഇതുവരെ ഹിയറിംഗ് വച്ചിട്ടില്ലെന്നാണ് വിവരം. സർക്കാർ നിലപാട് അറിയാൻ കാത്തിരിക്കുകയാണ സഹകരണ വകുപ്പ് ജീവനക്കാരുടെ സംഘടനകൾ. ജീവനക്കാർക്ക് എതിരെ എന്ത് നടപടി വരുമെന്നതിന്റെ അടിസ്ഥാനത്തിൽ അവർ പ്രതിഷേധം സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.
കൺസോർഷ്യം: ഇതുവരെ സന്നദ്ധരായത് 60 സംഘങ്ങൾ
കൺസോർഷ്യം സംബന്ധിച്ച് എട്ടിന് തിരുവനന്തപുരത്ത് സഹകരണ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. അതിന് മുമ്പ് കൺസോർഷ്യത്തിൽ ചേരാൻ സന്നദ്ധരായ സംഘങ്ങളുടെ പട്ടിക ജോയിന്റ് രജിസ്ട്രാർ നൽകും. ഇതുവരെ 60 സംഘങ്ങളാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. താല്പര്യമുള്ള മറ്റു സംഘങ്ങൾ നാളെ (തിങ്കൾ) വകുപ്പിന് വിവരം നൽകും. യു.പിയിൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട രജിസ്ട്രാർ പി.ബി നൂഹിന്റെ ചുമതല അഡീഷണൽ രജിസ്ട്രാർ എം. ബിനോയ്കുമാറിന് നൽകിയിട്ടുണ്ട്. കൺസോർഷ്യം സംബന്ധിച്ച ജോയിന്റ് രജിസ്ട്രാറുടെ ശുപാർശ അഡീഷണൽ രജിസ്ട്രാർ സർക്കാരിന് നൽകും. തുടർന്ന് സർക്കാർ ഉത്തരവിറക്കും.