
ജനകീയ സമരങ്ങളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലിന്റെ ഭാഗമായി ഉയർന്നുവന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ദീർഘമായ ചരിത്രവുമുണ്ട്. കേരളത്തിലാണ് പ്രസ്ഥാനം ഏറ്റവും ശക്തമായും വിപുലമായും മുന്നോട്ട് പോകുന്നത്. നൂറ്റാണ്ടിന്റെ പഴക്കമുണ്ട് കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്. സാധാരണക്കാരന്റേയും തൊഴിലാളികളുടേയും നിത്യജീവിതത്തിന്റെ പ്രധാനഭാഗം തന്നെയായി മാറിയ സഹകരണസ്ഥാപനങ്ങളുടെ വളർച്ചയും നിലനിൽപ്പും സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. കേരളീയരുടെ ധനകാര്യ ആവശ്യങ്ങൾ നല്ലൊരുപങ്കും നിറവേറ്റുന്നത് സഹകരണസ്ഥാപനങ്ങളാണ്. സഹകരണമേഖലയെ സമ്പൂർണ വളർച്ചയിലെത്തിച്ചാൽ വളരുന്നത് കേരളത്തിന്റെ സമ്പദ്ഘടന തന്നെയാണ്. സഹകരണമേഖലയിലെ ആകെ നിക്ഷേപവും സംസ്ഥാനത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനാലാണ് കേരളം ഇന്ന് കാണുന്ന പുരോഗതി കൈവരിച്ചത്. സംസ്ഥാനത്തെ 60 ശതമാനം ഗ്രാമീണർക്കും ഏതെങ്കിലും പ്രാഥമിക സഹകരണസംഘത്തിൽ അംഗത്വമുണ്ടാകും. വാണിജ്യബാങ്കുകൾക്ക് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ സാധിക്കുകയില്ല. ഇവയിൽ ഭൂരിപക്ഷവും നഗരകേന്ദ്രീകൃതമാണ്. . കേരളത്തിൽ താഴേക്കിടയിലുള്ളവരുടേയും ഇടത്തരക്കാരുടേയും സാമ്പത്തികാവശ്യങ്ങൾക്ക് ഉപകരിക്കുന്നത് വാണിജ്യബാങ്കുകളേക്കാൾ സഹകരണ സ്ഥാപനങ്ങളാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. വട്ടിപ്പലിശക്കാർ നാടിനെ വരിഞ്ഞുമുറിക്കിയപ്പോൾ സഹകരണപ്രസ്ഥാനത്തിലൂടെയാണ് നിർദ്ധനരെ സംരക്ഷിച്ചുപോന്നത്. ഗ്രാമീണ വികസനത്തിനാവശ്യമായ വിഭവ സമാഹരണം ഗ്രാമങ്ങളിൽ നിന്നുതന്നെ സമാഹരിക്കുന്നതിനുള്ള മാർഗം രാജ്യത്തിന് കാണിച്ചുകൊടുക്കുന്നുണ്ട് ഈ സഹകരണ സംഘങ്ങൾ. ഇത്രയൊക്കെ പരത്തിപ്പറയേണ്ടി വന്നത് കരുവന്നൂർ സഹകരണബാങ്കിനെക്കുറിച്ചുളള വാർത്തകൾ വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിലാണ്. സർക്കാരിനും സി.പി.എമ്മിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും സഹകരണ ബാങ്കുകൾക്കെതിരെ വിമർശനം ഉയരാൻ ഇടയാക്കുകയും ചെയ്ത കരുവന്നൂർ സഹകരണബാങ്കിനെ രക്ഷിക്കാൻ സഹകരണസംഘങ്ങളുടെ കൺസോർഷ്യവും നൂറുകോടിയുടെ പാക്കേജും വരികയാണ്. നൂറുകണക്കിന് നിക്ഷേപകർ പ്രതീക്ഷയോടെയാണ് ആ വാർത്ത കേട്ടത്. അവിശ്വസനീയമായി തോന്നിയ ഒരു തട്ടിപ്പ് സത്യമാണെന്നും ഒടുവിൽ അറിഞ്ഞതിൽ കൂടുതൽ തട്ടിപ്പ് നടന്നുവെന്നും തിരിച്ചറിഞ്ഞപ്പോൾ അവരുടെ മനസുകൾ കത്തുകയായിരുന്നു. ജീവിതകാലം മുഴുവൻ സമ്പാദിച്ചത് ഒരു നിമിഷത്തിൽ നഷ്ടമാകുന്നുവെന്നറിയുമ്പോൾ വലിയ മാനസികാഘാതമാണ് നിക്ഷേപകർക്കുണ്ടായത്.
പ്രതിഷേധവഴിയിൽ കോൺഗ്രസ്
ഒരു സഹകരണ ബാങ്കിന് മാത്രമായി കൺസോർഷ്യം രൂപീകരിക്കുന്നത് ദുരുദ്ദേശപരമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിഷേധത്തിലാണ്. സംസ്ഥാന ഖജനാവിലെ നികുതി പണം മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്ക് വീതം വയ്ക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിർബന്ധപ്പിരിവ് നടത്തി ഓരോ സഹകരണ ബാങ്കിൽ നിന്നും ഒരുകോടി രൂപ വീതം ശേഖരിച്ച് കരുവന്നൂർ കൊള്ളയെ വെള്ളപൂശാൻ തൃശൂർ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ തയ്യാറാകില്ലെന്നും വിവിധ സഹകരണ സംഘങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ നിക്ഷേപിച്ച കോടിക്കണക്കിന് രൂപ ഇതിന്റെ പേരിൽ പിൻവലിക്കപ്പെടുമെന്നും അവർ പറയുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കൺസോർഷ്യത്തിലേക്ക് 100 കോടി രൂപ കൊടുക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും സഹകരണ മേഖലയെ അനിശ്ചിതത്വത്തിലാക്കുന്ന ഈ തീരുമാനങ്ങൾക്കെതിരെ ജില്ലയിലെ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ബാങ്കുകൾ ഒറ്റക്കെട്ടായി പോരാടുമെന്നും കോൺഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവരും മുൻപേ പല നിക്ഷേപകരും അറിഞ്ഞിരുന്നുവെന്നാണ് വിവരം. ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പണം പിൻവലിക്കാൻ നിർദേശിച്ചതായും സൂചനയുണ്ടായിരുന്നു. അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ 200 കോടി പിൻവലിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ചുരുങ്ങിയ കാലയളവിൽ ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിക്ക് പങ്കുണ്ടെന്ന സംശയവും ഉയർന്നു. സി.പി.എം ഭരിച്ചിരുന്ന ബാങ്ക് പ്രതിസന്ധിയിലാണെന്ന കാര്യം പാർട്ടിതലത്തിലും വർഷങ്ങൾക്കു മുൻപേ അറിഞ്ഞിരുന്നു. സാധാരണക്കാരായ നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാതാകുന്ന തരത്തിൽ ബാങ്കിനെ എത്തിച്ചത് 200 കോടിയുടെ നിക്ഷേപം അഞ്ചുവർഷത്തിൽ പിൻവലിച്ചതിനാലാണെന്ന ആക്ഷേപവും ശക്തമായിരുന്നു. തട്ടിപ്പ് പുറത്തുവന്ന ശേഷം ഒരാഴ്ചയിൽ ഒരു തവണ മാത്രം പരമാവധി 10,000 രൂപ മാത്രമേ പിൻവലിക്കാനാകൂ എന്നായിരുന്നു വ്യവസ്ഥ. ഈ ആശങ്കകൾക്കെല്ലാം പാക്കേജ് വരുന്നതോടെ വിരാമമാകുമെന്നാണ് ബാങ്ക് അധികൃതരും പാർട്ടിയും നിക്ഷേപകരും കരുതുന്നത്. എന്തായാലും പ്രശ്നം പരിഹരിക്കാൻ ഏതറ്റം വരെയും പോകാനുളള നീക്കത്തിലാണ് സർക്കാർ.
മുഖ്യപ്രതികൾ അഴിക്കുള്ളിൽ
കരുവന്നൂർ സഹകരണ ബാങ്കിനെ രക്ഷിക്കാൻ നൂറുകോടിയുടെ പാക്കേജിന് ഒരുക്കം കൂട്ടുമ്പോൾ ജാമ്യം കിട്ടാതെ ജയിലിലുള്ളത് കേസിലെ ആദ്യ അഞ്ച് പ്രതികളാണ്. ഭരണസമിതി അംഗങ്ങൾക്കെല്ലാം ജാമ്യം കിട്ടി. കോടികളുടെ വ്യാജവായ്പകൾ, റബ്കോ ഉത്പന്നങ്ങളിലെയും സൂപ്പർമാർക്കറ്റ് വ്യാപാരത്തിലെയും തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളല്ലാതെ പുതിയ തട്ടിപ്പുകളെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് പറയുന്നത്.
റബ്കോ ഉത്പന്നങ്ങളുടെ ജില്ലയിലെ മൊത്തവ്യാപാരം നടത്തിയിരുന്നത് ബാങ്കിന്റെ സൂപ്പർ മാർക്കറ്റ് വഴിയാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്ന് ചില്ലറവ്യാപാരികൾക്ക് വിതരണംചെയ്ത ഇനങ്ങളുടെ പണം പിരിച്ചാണ് തട്ടിപ്പ്. വ്യാപാരികളിൽനിന്ന് പരമാവധി തുക പണമായി വാങ്ങുകയായിരുന്നു. ഇത് ബാങ്കിൽ വരവുവച്ചിരുന്നില്ല. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. 2016 മുതൽ 21വരെ കാലയളവിലെ 13 ഭരണസമിതി അംഗങ്ങളാണ് ക്രമക്കേടിലുള്ളത്. ഇതിൽ വൈസ് പ്രസിഡന്റും ഒരു ഡയറക്ടറും മരിച്ചു.