latha-manke-umesh

തൃശൂർ: ലതാ മങ്കേഷ്‌കറിന്റെ വിയോഗവാർത്ത കേട്ടപ്പോൾ പാലക്കാട് പത്തിരിപ്പാല പാണ്ടൻതറ ഉമേഷിന്റെ ഓർമയിൽ നിറഞ്ഞത് സത്യം ശിവം സുന്ദരം എന്ന മധുര ഗാനമാണ്. മനസിൽ അതിന്റെ അലയൊലികൾ മുഴങ്ങവേ ആലിലയിൽ വാനമ്പാടിയുടെ ചിത്രം വരയ്ക്കാൻ തുടങ്ങി. മൂന്ന് മണിക്കൂർ കൊണ്ട് പൂർത്തിയാക്കി നിറം കൊടുത്തപ്പോൾ മഹാഗായികയ്ക്ക് അത് ഇലച്ചിത്രാഞ്ജലിയായി.

കഴിഞ്ഞ ആഴ്ച വരച്ചത് വാവ സുരേഷിന്റെ ചിത്രമാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഓടിനടന്ന വാവയുടെ ജീവന് ആപത്ത് ഉണ്ടാകരുതേയെന്നായിരുന്നു പ്രാർത്ഥന. നാല് മണിക്കൂറെടുത്താണ് പാമ്പുമൊത്തുള്ള വാവച്ചിത്രം പൂർത്തിയാക്കിയത്.

വര പഠിച്ചിട്ടില്ലാത്ത ഉമേഷ് പാലക്കാട്ട് വർക്ക്‌ഷോപ്പ് ജീവനക്കാരനാണ്. കൊവിഡ് കാലത്താണ് യു ട്യൂബ് നോക്കി ഇലവര തുടങ്ങിയത്. പരീക്ഷണം വിജയിച്ചപ്പോൾ നൂറോളം ചിത്രങ്ങളായി. സ്‌കെച്ച് ചെയ്ത ശേഷം ചിത്രമില്ലാത്ത ഇലഭാഗങ്ങൾ വെട്ടിമാറ്റി അക്രിലിക് കൊണ്ട് നിറം കൊടുക്കുന്നു.

ശിവഗിരി തീർത്ഥാടന സമയത്ത് ശ്രീനാരാണ ഗുരുദേവന്റെ ചിത്രം പ്‌ളാവിലയിൽ വരച്ചിരുന്നു. കൂനൂർ അപകടത്തിൽ മരിച്ച സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന്റെ ചിത്രവും വരച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, നടന്മാരായ മോഹൻലാൽ, ജയറാം, കൃഷ്ണകുമാർ തുടങ്ങിയവരെയും ഇലച്ചിത്രങ്ങളാക്കി.

ഇഷ്ടപ്പെടുന്നവർക്ക് സമർപ്പിക്കാൻ എന്റെ കൈയിലുള്ളത് ഇലച്ചിത്രങ്ങളാണ്

ഉമേഷ്‌