
തൃശൂർ : കരാറുകാരൻ ഒരു കോടിയോളം കുടിശിക വരുത്തിയതിനെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്ന മെഡിക്കൽ കോളേജ് കാന്റീൻ പ്രശ്‌നം ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ ഇന്ന് ആശുപത്രി വികസന സമിതി യോഗം ചേരും. ഇന്നത്തെ യോഗത്തിൽ വലിയ പൊട്ടിത്തെറികൾക്ക് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കളക്ടർ ഹരിത വി.കുമാറിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. ആശുപത്രി അധികൃതർക്ക് പുറമേ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് എച്ച്.ഡി.എസ് യോഗം ചേരുന്നത്. വിഷയത്തിൽ കളക്ടറുടെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. മെഡിക്കൽ കോളേജിൽ നടക്കുന്ന അഴിമതികൾക്കെതിരെ കളക്ടർ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ഡെപ്യൂട്ടി സൂപ്രണ്ടിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ആശുപത്രി പരിസരത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ കളക്ടർക്ക് എതിരെയും പോസ്റ്ററുണ്ടായിരുന്നു. എച്ച്.ഡി.എസ് യോഗം വിളിച്ച് ചേർക്കാത്തതിൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.
പ്രധാന അജണ്ട
എച്ച്.ഡി.എസ് ജീവനക്കാരുടെ ഇ.എസ്.ഐ ആനുകൂല്യം
കാന്റീൻ കുടിശിക
വികസന സമിതിയുടെ വരുമാന മാർഗം
വാടക പരിഷ്‌കരണം
എച്ച്.ഡി.എസ് ഓഡിറ്റ്
പാർക്കിംഗ് ഫീസിലെ അപാകത
ആംബുലൻസ് സേവനങ്ങളുടെ നിരക്ക്