
തൃശൂർ: കുതിരാനിൽ പടിഞ്ഞാറ് ഭാഗത്തുനിന്ന് തുരങ്കങ്ങളിലേക്കുള്ള പ്രധാന റോഡിന്റെ നിർമ്മാണത്തിന് വേഗം കൂട്ടുകയും പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കുള്ള പുതിയ റോഡ് നിർമ്മാണം ഉടനെ ആരംഭിക്കാൻ ഒരുക്കം തുടങ്ങുകയും ചെയ്തതോടെ ദേശീയപാതയിലെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം മാർച്ചിൽ പൂർത്തിയായേക്കും.
ടണലിന്റെ പടിഞ്ഞാറ് ഭാഗത്ത് റോഡ് നിർമ്മിക്കാനുളള പ്രദേശത്ത് 30 മീറ്റർ നീളത്തിലുള്ള പാറക്കെട്ട് പൊട്ടിക്കുന്നത് അവസാനഘട്ടത്തിലാണ്. പാറ പൊട്ടിച്ച ഭാഗം മണ്ണിട്ടുയർത്തി നിരപ്പാക്കുന്നുണ്ട്. പ്രധാനറോഡിൽ നിന്ന് രണ്ട് ടണലും കാണാവുന്നതരത്തിൽ പ്രദേശത്തെ മണ്ണും പാറകളും നീക്കുന്ന പണിയും ഉടൻ പൂർത്തിയാകും. വഴുക്കുംപാറയിൽ ഒമ്പതുമീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പുതിയ റോഡിലേക്കാണ് റോഡ് കൂട്ടിമുട്ടുക. ഈ റോഡിനായി പാർശ്വഭിത്തികൾ കെട്ടി മണ്ണിട്ട് നികത്തുന്നുണ്ട്.
പാറപൊട്ടിക്കൽ വേഗത്തിലായതോടെ ഈ മാസത്തോടെ സ്ഥലം നിരപ്പാക്കൽ പൂർത്തിയാകും.
പുതിയ റോഡ് വരുന്നതോടെ വഴുക്കുംപാറ മുതൽ ടണലിന് മുൻവശത്ത് 200 മീറ്റർ അകലെ വരെ പതിവായുള്ള ഗതാഗതക്കുരുക്കും ഒഴിയും. ഇപ്പോൾ വഴുക്കുംപാറ ഭാഗത്തുള്ള റോഡിലൂടെയാണ് ടണൽ വരെ വാഹനങ്ങളെത്തിച്ചേരുന്നത്. ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി ദേശീയപാത അധികൃതർ ഇരുടണലുകളും തുറന്നിരുന്നു. ഇത് ടോൾ പിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവും ഉയർത്തിയിരുന്നു. വാഹനപ്പെരുപ്പം കാരണം ശനിയാഴ്ചകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. രാത്രി ഏറെ വൈകിയും കുരുക്കുണ്ടായിരുന്നു. ടണലിനുള്ളിലും വാഹനങ്ങൾ കുടുങ്ങി.
പാറ തകർത്തു, അതിവേഗം
പാറ പൂർണമായും പൊട്ടിച്ചുമാറ്റാൻ രണ്ടുമാസത്തോളം സമയം വേണ്ടിവരും എന്നായിരുന്നു ധാരണ. എന്നാൽ, രണ്ടാഴ്ചകൊണ്ട് പാറപൊട്ടിക്കൽ 90 ശതമാനവും കഴിഞ്ഞു. പാറ പൊട്ടിച്ച കല്ലും മണ്ണും നീക്കം ചെയ്യുന്നതിന് മാർച്ച് 31 വരെയാണ് സമയം കണക്കാക്കിയിരുന്നത്. എന്നാൽ പ്രദേശത്ത് 20 ശതമാനം മാത്രമായിരുന്നു പാറ. അതിനാൽ ജോലികൾ വേഗത്തിൽ നീങ്ങി. പാറപൊട്ടിക്കൽ മൂന്നാഴ്ചയ്ക്കുളളിൽ പൂർത്തിയാകും.
ഇനി ചെയ്യാനുള്ളത്
വഴുക്കുംപാറയിലെ റോഡ്, പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷൻ അടിപ്പാതകൾ എന്നിവ നിർമ്മിക്കണം.
ലോറിയിടിച്ച് തകർന്ന ടണലിനുള്ളിൽ എൽ.ഇ.ഡി ബൾബുകൾ ഘടിപ്പിക്കണം.
ടണലിനുള്ളിൽ വാഹനം ഇടിച്ച് കാമറകളും ബൾബുകളും തകരാതിരിക്കാൻ ബാരിയർ സ്ഥാപിക്കണം.
രണ്ട് ടണലുകളുടേയും പ്രവേശനകവാടങ്ങളിൽ രാത്രിക്കാഴ്ച ഉറപ്പാക്കുന്ന ആധുനിക സി.സി.സി.ടി.വി കാമറകൾ വയ്ക്കണം
മാർച്ച് മാസം കഴിയുന്നതോടെ കുതിരാൻ ടണൽ അടക്കം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാനാകും.
അജിത്
നിർമ്മാണകമ്പനി വക്താവ്