1
പൂപ്പത്തിയിലെ ചക്ക സംസ്‌കരണ ഫാക്ടറിയുടെ പോരായ്മകൾ പരിഹരിക്കാൻ കെയ്‌കോ അധികൃതരുമായി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ചർച്ച നടത്തുന്നു.

മാള: പൊയ്യ ചക്ക ഫാക്ടറിയുടെ നിലവിലെ പോരായ്മകൾ പരിഹരിച്ച് ലാഭകരമായി പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ ഉൾക്കൊള്ലുന്ന വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കെയ്‌കോ അധികൃതരുമായി ച‌‌ർച്ച നടത്തി. ഫാക്ടറിയുടെ നവീകരണം സംബന്ധിച്ച് എം.എൽ.എ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറും കഴിഞ്ഞ ദിവസം പൊയ്യ പൂപ്പത്തിയിലെ ചക്ക സംസ്‌കരണ ഫാക്ടറിയിലെത്തിയിരുന്നു. 149.25 ലക്ഷം രൂപ ചെലവ് വരുന്ന റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ചക്ക, മരച്ചീനി, കായ, ജാതിക്ക എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണനം നടത്താനുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടും. അതിനുള്ള യന്ത്രസാമഗ്രഹികളും, സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജും, ജനറേറ്ററും, സംസ്‌കരണ ഏരിയ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള മെയിന്റനൻസ് പ്രവൃത്തികളുമാണ് പ്രൊജക്ടിൽ തയ്യാറാക്കിയിട്ടുള്ളത്.

ഫാക്ടറിയുടെ ആദ്യഘട്ടത്തിലുള്ള മെയിന്റനൻസ് പ്രവൃത്തികളും ഡ്രെയർ മെഷീനുകൾ ഉൾപ്പെടെയുള്ള പ്രവൃത്തിക്ക് 75 ലക്ഷം രൂപ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.എൽ.എ പറഞ്ഞു.