
തൃശൂർ : പാറമേക്കാവ് ക്ഷേത്രത്തിന് ഇനി സ്വർണക്കൊടിമരത്തിന്റെ തേജസ്. ഭക്തിയുടെ നിറവിൽ സ്വർണക്കൊടിമര പ്രതിഷ്ഠ തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. പ്രസിഡന്റ് കെ.സതീഷ് മേനോൻ, സെക്രട്ടറി ജി.രാജേഷും മറ്റ് ഭാരവാഹികളും ചടങ്ങിന് നേതൃത്വം നൽകി. ക്ഷേത്രത്തിലെ ആദ്യ ഉത്സവത്തിന് പുതിയ കൊടിമരത്തിൽ വ്യാഴാഴ്ച കൊടിയേറ്റും. 17ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. ഭഗവതി ക്ഷേത്രത്തിൽ വേലയും പൂരവും ഉത്സവവും ആഘോഷിക്കുന്ന ഏക ക്ഷേത്രമെന്ന പ്രത്യേകതയാണ് ഇതിലൂടെ കൈവരുന്നത്.
വ്യാഴാഴ്ച ദീപാരാധനയ്ക്ക് ശേഷമാണ് ഉത്സവത്തിന് കൊടിയേറുക. 10ന് കൊടിയേറ്റ് നാളിൽ അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദിയും ചേറൂർ രാജപ്പൻ മാരാരുടെ പ്രാമാണത്തിൽ പഞ്ചാരി മേളവും നടക്കും. 11ന് രാവിലെ ശീവേലിക്ക് ശേഷം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ചെമ്പടമേളവും രാത്രി 8.15ന് പനമണ്ണ ശശി, മട്ടന്നൂർ ശ്രീരാജ്, ഏലൂർ അരുൺദേവ് വാര്യർ, തിരുവില്വാമല ശ്രീജിത്ത് എന്നിവർ അണിനിരക്കുന്ന ഡബിൾ കേളിയും അവതരിപ്പിക്കും. 16ന് പള്ളിവേട്ട നാളിൽ രാവിലെ എട്ടിന് പത്ത് നാഴിക പഞ്ചാരി മേളത്തിനും രാത്രി 8.30നുള്ള പാണ്ടിമേളത്തിനും പെരുവനം കുട്ടൻമാരാർ നേതൃത്വം നൽകും. 17ന് രാവിലെ ശീവേലിക്ക് ശേഷം കേളത്ത് അരവിന്ദാക്ഷൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും വൈകിട്ട് നാലിന് ഏഴ് ആനപ്പുറത്ത് എഴുന്നെള്ളിപ്പും രാത്രി 7.30ന് പരക്കാട് തങ്കപ്പൻമാരാരും കുനിശേരി ചന്ദ്രനും തുടങ്ങിയവർ നേതൃത്വം നൽകുന്ന പഞ്ചവാദ്യവും ഉണ്ടാവും.