മാള: പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തിന് ഗുണനിലവാരത്തിനു ദേശീയ അംഗീകാരം ലഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അംഗീകാരം നൽകിയത്. എല്ലാ മേഖലകളിലും ശരാശരി തൊണ്ണൂറ്റിയൊന്ന് ശതമാനം സ്‌കോർ നേടിയതിനാലാണ് അംഗീകാരം ലഭിച്ചത്. ഒ.പി, ലാബ്, നാഷണൽ ഹെൽത്ത് പ്രോഗ്രാം, പൊതുഭരണം എന്നിവയുടെ മികവും കണക്കിലെടുത്തിരുന്നു.
സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2017 ഓഗസ്റ്റിലാണ് കേന്ദ്രത്തെ പി.എച്ച്.സിയിൽ നിന്ന് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. നാല് ഡോക്ടർമാർ, ആറ് നഴ്‌സുമാർ, ഫാർമസിസ്റ്റ്, ലബോറട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, ജെ.എച്ച്.ഐ , ജെ.പി.എച്ച്.ഐ ഉൾപ്പെടെ 32 ജീവനക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്.
നൂറ്റിയമ്പതോളം രോഗികളാണ് ദിനംപ്രതി ചികിത്സയ്ക്കായി ഇവിടെ വന്നു പോകുന്നത്. രോഗികൾക്കായി പ്രത്യേക ഇരിപ്പിടവും, ടി.വി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.