
തൃശൂർ: കഴിഞ്ഞ ഡിസംബറിൽ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ.പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ചു. തൃശൂർ താലൂക്ക് ഓഫീസിൽ ക്ലറിക്കൽ തസ്തികയിലാണ് എം.കോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ജോലി. ഇന്നലെ രാവിലെ താലൂക്ക് ഓഫീസിലെത്തിയ ശ്രീലക്ഷ്മിക്ക് റവന്യൂമന്ത്രി കെ.രാജൻ നിയമന ഉത്തരവ് കൈമാറി.
മക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ശ്രീലക്ഷ്മിയെത്തിയത്. തഹസിൽദാറുടെ സാന്നിദ്ധ്യത്തിൽ സർവീസ് ബുക്കിൽ ഒപ്പിട്ടു. വേഗം ജോലി കിട്ടിയതിൽ നന്ദിയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ജനുവരി 15ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജോലി നൽകാൻ തീരുമാനിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ കളക്ടർ റിപ്പോർട്ട് നൽകി. ഒന്നരമാസം കൊണ്ട് സൈനികക്ഷേമ വകുപ്പും ഉത്തരവിറക്കി. തുടർന്നാണ് ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ചതെന്ന് മന്ത്രി പറഞ്ഞു. ധനസഹായമായി അഞ്ച് ലക്ഷം രൂപയും അച്ഛന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷവും സർക്കാർ അനുവദിച്ചിരുന്നു. കളക്ടർ ഹരിത വി. കുമാർ, ആർ.ഡി.ഒ പി.എ വിഭൂഷണൻ, തഹസിൽദാർ ടി.ജയശ്രീ എന്നിവരും സന്നിഹിതരായിരുന്നു.