
തൃശുർ: സാമ്പത്തിക വർഷം അവസാനിക്കാൻ 42 പ്രവൃത്തി ദിവസം ശേഷിക്കേ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി പ്രവർത്തനങ്ങളിൽ പൂർത്തീകരിച്ചത് 46.44 ശതമാനം മാത്രം. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗവും മൂന്നാം തരംഗവും പ്രവർത്തനത്തിന് വിലങ്ങുതടിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്ററും വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിലും പറഞ്ഞു. പദ്ധതികൾ പരിശോധിച്ച് അനുയോജ്യമായ തലത്തിലേക്ക് പരിവർത്തിപ്പിച്ച് വാർഷിക ഫണ്ട് നഷ്ടപെടാതിരിക്കുന്നതിന് അനുയോജ്യമായ തരത്തിലേക്ക് കാര്യങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജില്ലാ പഞ്ചായത്ത് ജീവനക്കാർക്ക് അടക്കം കൊവിഡ് ബാധിച്ചത് കാര്യങ്ങൾ സങ്കീർണമാക്കി. എന്തുതന്നെയായാലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നേ ഫണ്ട് വിനിയോഗം സമ്പൂർണമാക്കാനാവൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
നിലവിൽ ഒന്നാം സ്ഥാനം
സംസ്ഥാനതലത്തിൽ ജില്ലാ പഞ്ചായത്തുകളിൽ മൊത്തം ഫണ്ട് ചെലവഴിച്ചതിൽ തൃശൂരിനാണ് ഒന്നാം സ്ഥാനം. അതേസമയം ഓരോ ജില്ലയിലെയും മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം ചെലവിടുന്നത് പരിഗണിക്കുമ്പോൾ ജില്ല രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഏഴാം സ്ഥാനത്തായിരുന്ന ജില്ലയാണ് ഇക്കുറി ഫണ്ട് വിനിയോഗത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.
ഇതോടൊപ്പം ജില്ലാ പഞ്ചായത്ത് ഇതര തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ജില്ലാ ആസൂത്രണ ബോർഡിന്റെ സഹകരണത്തോടെ ആവിഷ്‌കരിച്ച സംയുക്ത പദ്ധതികളും വാർഷിക പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. മാതൃകാ സംയുക്ത പദ്ധതികളിൽ ജില്ലയിൽ നിന്നും രണ്ടു പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. മൊത്തം ജില്ലകളിൽ നിന്നുള്ള ഏഴു പദ്ധതികൾക്കാണ് ആസൂത്രണ വകുപ്പ് അംഗീകാരം നൽകിയത്. മാള ബ്ലോക്ക് പഞ്ചായത്തിൽ പ്രളയഭീതിയിൽ നിന്നുള്ള സംരക്ഷണത്തിനും കൃഷിക്കും കുടിവെള്ളത്തിനും പ്രയേജനകരമായ വെണ്ണൂർത്തുറ തണ്ണീർതട പദ്ധതിയും കൊടകര ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഷീ വർക് സ്‌പേസുമാണ് അംഗീകാരം ലഭിച്ച പദ്ധതികൾ. രണ്ട് പദ്ധതികൾക്കും രണ്ടു കോടി വീതം നാലു കോടി സംസ്ഥാന ആസൂത്രണ വകുപ്പിൽ നിന്നും ലഭിച്ചതായും ഇരുവരും പറഞ്ഞു.
125 സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യം
തൃശൂർ : 125 സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നിവയ്ക്കാണ് ബെഞ്ച്, ഡെസ്ക് ഉൾപ്പെടെ നൽകുന്നത്. പുതിയ കെടിടങ്ങളും മറ്റും വന്നതോടെ അടിസ്ഥാന സൗകര്യവികസനം പൂർണ്ണമാക്കുന്നതിന്റെ ഭാഗമായാണ് ഇവ നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്ററും വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിലും പത്രസമ്മേളനത്തിൽ പറഞ്ഞു.
2.58 കോടിയുടെ ഫർണീച്ചറാണ് നൽകുന്നത്. നേരത്തെ ഇത്രയും സ്കൂളുകൾക്ക് അമ്പത് ലക്ഷം രൂപ ഓഫീസ് സ്റ്റേഷനറികൾക്കായി അനുവദിച്ചിരുന്നു. ഇന്ന് രാവിലെ 11ന് നടവരമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസമേഖലയിൽ കൂടുതൽ വികസനം സാദ്ധ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിർമ്മാണം പൂർത്തിയാക്കിയ ഏഴ് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം പത്തിന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ബി.വല്ലഭൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഫർണിച്ചറുകൾ നൽകുന്നവ
ഹയർ സെക്കൻഡറി 53
വൊക്കേഷണൽ ഹയർ സെക്കൻഡറി 14
ഹൈസ്കൂൾ 58
തുക വിനിയോഗിച്ചത് ഇങ്ങനെ
2.04 കോടിയുടെ ബെഞ്ച്, ഡെസ്ക്
29 ലക്ഷം രൂപയുടെ ക്ലാസ്സ് റൂം, ടേബിൾ
വൈറ്റ് ബോർഡ്, ബ്ലാക്ക് ബോർഡ്, 25 ലക്ഷത്തിന്റെ അലമാര.