 
വടക്കാഞ്ചേരി: വളയിട്ട കൈകളിൽ തൂമ്പയും കൊത്തിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ് സ്ത്രീ തൊഴിലാളികൾ. വടക്കാഞ്ചേരി നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നിർമ്മിക്കുന്ന ഓപ്പൺ കിണറുകൾ പദ്ധതി പ്രകാരം ആര്യംപാടം 34-ാം ഡിവിഷനിലാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ ഏഴ് സ്ത്രീകൾ കിണറുകൾ കുത്തിയത്. പുരുഷന്മാർ കൈയ്യടക്കി വച്ചിരുന്ന തൊഴിൽ മേഖലയിൽ പരീക്ഷണമെന്ന നിലയിലാണ് സ്ത്രീകൾ കടന്നുവന്നത്. ഒമ്പത് കോൽ താഴ്ചയിലെത്തിയപ്പോൾ സമൃദ്ധിയായി വെള്ളം ലഭിച്ചു. ഏഴു സ്ത്രീ തൊഴിലാളികൾ 10 ദിവസം കൊണ്ടാണ് ഒരു കിണർ നിർമ്മിച്ചത്. ഇത്തരത്തിൽ മൂന്ന് കിണറുകൾ ഇതിനകം നിർമ്മിച്ച് കഴിഞ്ഞു. ഒരു പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിഞ്ഞതിന്റെ ധന്യതയിലാണ് സ്ത്രീ തൊഴിലാളികൾ. സ്ഥലം സന്ദർശിച്ച നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, ഡിവിഷൻ കൗൺസിലർ ജമീലാബി ടീച്ചർ എന്നിവർ തൊഴിലാളികളെ അഭിനന്ദിച്ചു.