
തൃശൂർ: കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർക്കായി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം ഇമ്മ്യൂണിറ്റി ബൂസ്റ്റർ കിറ്റ് പുറത്തിറക്കി. ഗവേഷണ കേന്ദ്രം ഡയറക്ടർ ഡി.സുധാകർ കളക്ടർ ഹരിത വി കുമാറിന് ബൂസ്റ്റർ കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്ക് ആയുർരക്ഷാകിറ്റുകൾ നൽകുന്നത്. ച്യവനപ്രാശം, സംശമനീവടി, അണുതൈലം തുടങ്ങിയ മരുന്നുകളടങ്ങിയതാണ് കിറ്റ്. കൊവിഡും മറ്റ് വൈറൽ രോഗങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ എന്ന നിലയിലാണ് കിറ്റ് നൽകുന്നത്. ഇതോടൊപ്പം 75 ലക്ഷം പേർക്ക് അശ്വഗന്ധ ഗുളിക വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. ഗവേഷണ കേന്ദ്രം അസി. ഡോ വി.സി ദീപ്, റിസർച്ച് ഓഫീസർ ഡോ.രോഹിത്, സ്റ്റാഫംഗങ്ങൾ ലിജു പി. ജോയ്, ദേവദാസ് എന്നിവർ പങ്കെടുത്തു.