 
മണ്ണുത്തി: ആതുര സേവന രംഗത്ത് മികവുറ്റ പ്രവർത്തനമാണ് എ.ഐ.വൈ.എഫ് നടത്തുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കിടപ്പ് രോഗികൾക്കും പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്തവർക്കും മാരക അസുഖങ്ങൾ ഉള്ളവർക്കുമായി കൈത്താങ്ങ് നൽകുന്നതിനായി എ.ഐ.വൈ.എഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പകരാം സാന്ത്വനത്തിന്റെ മധുരം കാമ്പയിന്റെ മണ്ഡലംതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എല്ലാ എ.ഐ.വൈ.എഫ് മേഖല കമ്മിറ്റികളുടെയും നേതൃത്വത്തിൽ ക്രിസ്മസ് ദിനത്തിൽ കേക്ക് വിൽപ്പന നടത്തി ലാഭം പാലിയേറ്റീവ് കെയർ പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തുന്നത് മഹത്തായ പ്രവർത്തനമാണ്. യുവജന സംഘടന പ്രവർത്തന രംഗത്ത് മാതൃക തീർക്കുകയാണ് എ.ഐ.വൈ.എഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റി എന്നും മന്ത്രി പറഞ്ഞു. വാട്ടർ ബെഡുകൾ, വീൽചെയറുകൾ, വാക്കിംഗ് സ്റ്റാൻഡുകൾ, ചെയർ ക്ലോസെറ്റുകൾ തുടങ്ങി നിരവധി വസ്തുക്കളാണ് വിതരണം ചെയ്തത്. ഒല്ലൂക്കര പാലിയേറ്റീവ് കെയറിന്റെ ചുമതലയുള്ള നിമ്മി ഉപകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ മേഖലാതല ഉദ്ഘാടനങ്ങൾ നടക്കുകയും ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേറി, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ആർ. രാധാകൃഷ്ണൻ, പി.എസ്.അഖിൽ, സനൽകുമാർ എൻ.കെ, ജിനീഷ് പീച്ചി, സനിൽ വാണിയപാറ, സൂര്യ രാജേഷ്, പി.കെ. അഭിലാഷ് എന്നിവർ സന്നിഹിതരായിരുന്നു