തൃശൂർ: കർഷകരുടെ അടുത്തേയ്ക്ക് വിത്തുവണ്ടി. ഏറ്റവും പുതിയ വിത്തുകളും വളങ്ങളും സസ്യ സംരക്ഷണ വസ്തുക്കളും ഓരോ കൃഷിഭവന്റെ പരിധിയിലും എത്തിക്കാനുള്ള പദ്ധതിയുമായി കേരള കാർഷിക സർവകലാശാല. വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററാണ് വിത്ത് വണ്ടി എന്ന് നാമകരണം ചെയ്തിരിക്കുന്ന സഞ്ചരിക്കുന്ന പ്രദർശന, വിൽപ്പന ശാലയുമായി വിവിധ കൃഷിഭവനുകളുടെ പരിധിയിൽ എത്തുന്നത്.
നാട്ടിക കൃഷിഭവന് കീഴിലുള്ള പദ്മപ്രഭ എന്ന കർഷകന്റെ വീടിനോട് അനുബന്ധിച്ചുള്ള കൃഷി പാഠശാലയിൽ വച്ചാണ് ഇന്നലെ ആ പ്രദേശത്തുള്ള കർഷകർക്ക് വിത്ത് വണ്ടിയുടെ സേവനം ലഭ്യാമായത്. വിവിധ പച്ചക്കറി വിത്തുകൾ, മണ്ണിര കമ്പോസ്റ്റ്, അയർ, സമ്പൂർണ, എല്ലുപൊടി തുടങ്ങി പലതരം വളങ്ങൾ, ഫിഷ് അമിനോ ആസിഡ് എന്ന വളർച്ചാ ത്വരകം, നന്മ, ശ്രേയ, വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരി സോപ്പ് തുടങ്ങിയ ജൈവ കീടനാശിനികൾ, ജീവാണു വളങ്ങൾ ആയ ട്രൈക്കോഡെർമ, സ്യുഡോമോണാസ്, ബുവേറിയ എന്നിവയെല്ലാം ആവശ്യാനുസരണം കർഷകരിലേക്ക് എത്തിക്കാനും കാർഷിക സർവകലാശാല വികസിപ്പിച്ച വിവിധ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കാനും വിത്ത് വണ്ടിയിലൂടെ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥലം കൃഷി ഓഫീസർ ആവശ്യപ്പെടുന്ന മുറയ്ക്കാണ് ഓരോ കൃഷിഭവൻ പരിധിയിലും വിത്ത് വണ്ടി എത്തുന്നത്. ഈ സേവനം ലഭ്യമാകാൻ കൃഷിഭവനുമായി കർഷകർ ബന്ധപ്പെടേണ്ടതാണ്.