ചാലക്കുടി: തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ടി.ജെ.സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ഡി.എം.സി യോഗം തീരുമാനിച്ചു. മുതിർന്നവരുടെ ടിക്കറ്റ് 15 ൽ നിന്ന് ഇരുപതും കുട്ടികളുടേത് പത്തിൽ നിന്ന് 15 രൂപയുമായാണ് കൂട്ടിയത്. നിർമ്മാണം പൂർത്തിയാക്കി വെറുതെ കിടക്കുന്ന കോൺഫറൻസ് ഹാൾ വാടകയ്ക്ക് നൽകൽ, പാർക്കിൽ സിനിമാ ഷൂട്ടിംഗിന് അനുമതി തുടങ്ങിയ തീരുമാനങ്ങളും പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ കൂടിയ യോഗത്തിൽ കൈക്കൊണ്ടു. കൊവിഡ് പ്രതിസന്ധി പരിഗണിച്ച് പാർക്കിലെ റസ്റ്റോറന്റ് നിലവിലെ നടത്തിപ്പുകാർക്ക് തന്നെ ഒരു വർഷത്തേയ്ക്ക് കൂടി നൽകാനും തീരുമാനിച്ചു. പാർക്കിലെ പ്രശ്‌നം പരിഹരിക്കുന്നതിന് ജീവനക്കാരുടെ യോഗം വിളിക്കുന്നതിന് കമ്മിറ്റി ചെയർമാനായ എം.എൽ.എയെ ചുമതലപ്പെടുത്തി. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ്, ഡി.എം.സി അംഗങ്ങളായ അഡ്വ.വിജു വാഴക്കാല, ടി.പി.ജോണി, കെ.കെ.ശ്യാമളൻ, ഡി.ടി.പി.സി സെക്രട്ടറി , ഡെപ്യൂട്ടി തഹസിൽദാർ കെ.എ.ജേക്കബ്ബ്, അസി.എൻജിനീയർ എ.എം.ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
മറ്റ്തീരുമാനങ്ങൾ
പാർക്കിനുള്ളിൽ ചെറിയ വാഹനങ്ങൾക്ക് നിയന്ത്രിത രീതിയിൽ പാർക്കിംഗ്.
സിനിമാ ഷൂട്ടിംഗിന് ദിവസം പതിനായിരം രൂപ ഈടാക്കും.
ഹാളിന്റെ ദിവസ വാടക എ.സിക്ക് അയ്യായിരവും നോൺ എ.സിക്ക് 2500 രൂപയും ഈടാക്കും.
ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റ്
തൃശൂർ: കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകർക്കായി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം ഇമ്മ്യൂണിറ്റി ബൂസ്റ്റർ കിറ്റ് പുറത്തിറക്കി. ഗവേഷണ കേന്ദ്രം ഡയറക്ടർ ഡി.സുധാകർ കളക്ടർ ഹരിത വി കുമാറിന് ബൂസ്റ്റർ കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്ക് ആയുർരക്ഷാകിറ്റുകൾ നൽകുന്നത്. ച്യവനപ്രാശം, സംശമനീവടി, അണുതൈലം തുടങ്ങിയ മരുന്നുകളടങ്ങിയതാണ് കിറ്റ്. കൊവിഡും മറ്റ് വൈറൽ രോഗങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ എന്ന നിലയിലാണ് കിറ്റ് നൽകുന്നത്. ഇതോടൊപ്പം 75 ലക്ഷം പേർക്ക് അശ്വഗന്ധ ഗുളിക വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. ഗവേഷണ കേന്ദ്രം അസി. ഡോ വി.സി ദീപ്, റിസർച്ച് ഓഫീസർ ഡോ.രോഹിത്, സ്റ്റാഫംഗങ്ങൾ ലിജു പി. ജോയ്, ദേവദാസ് എന്നിവർ പങ്കെടുത്തു.