മേച്ചിറ പാലത്തിന്റെ പ്രധാന കോൺക്രീറ്റിംഗിന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ തുടക്കം കുറിക്കുന്നു.
ചാലക്കുടി: വെള്ളിക്കുളങ്ങര റോഡിൽ മേച്ചിറയിൽ നിർമ്മിക്കുന്ന പാലത്തിന്റെ പ്രധാന കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയായി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ കോൺക്രീറ്റിംഗിന് തുടക്കം കുറിച്ചു. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.വി. ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. സരസ്വതി, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസി. എൻജിനീയർ കെ.സ്മിത എന്നിവർ സംബന്ധിച്ചു.
പ്രളയത്തിൽ ബലക്ഷയം സംഭവിച്ച പാലം പുതുക്കി നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 2.28 കോടി രൂപയാണ് അനുവദിച്ചത്. പഴയപാലം പൊളിക്കുകയും പുതിയ പാലം നിർമ്മിക്കാൻ വൈകുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. പാലത്തിനും അനുബന്ധ പ്രവൃത്തികൾക്കുമാണ് 228 ലക്ഷം രൂപ അനുവദിച്ചത്. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ അടക്കമുള്ള മറ്റ് പ്രവൃത്തികൾക്കുമായി മൊത്തം 3.44 കോടി രൂപ അനുമതിയാണ് ലഭിച്ചത്. 14.7 മീറ്റർ നീളമുള്ള പാലത്തിന്റെ വീതി 11 മീറ്ററാണ്. ഏപ്രിൽ ആദ്യവാരത്തിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയും.