agnamiya

ചാലക്കുടി: മുത്തശ്ശിയുടെ മരണാനന്തരക്രിയകൾക്ക് പൂ പറിക്കാനായി പിതാവിനൊപ്പം പോകുകയായിരുന്ന അഞ്ചുവയസുകാരി അതിരപ്പിള്ളിക്ക് സമീപം കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. പിതാവിനും മുത്തച്ഛനും പരിക്കേറ്റു. പുത്തൻചിറ കച്ചട്ടിൽ നിഖിലിന്റെ മകൾ ആഗ്‌നമിയയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നിഖിൽ (36), ബന്ധു വെറ്റിലപ്പാറ നെടുമ്പ ജയൻ (50) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് ആറോടെ കണ്ണൻകുഴി ശിവക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. എണ്ണപ്പനത്തോട്ടത്തിൽ നിന്നും ആന വരുന്നത് കണ്ട ജയൻ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താഴെ വീണ ബൈക്കിൽ നിന്നും എഴുന്നേറ്റ നിഖിൽ കുട്ടിയെ ഇറുകിപ്പിടിച്ച് ഓടി. ഇതിനിടെ കാൽതെറ്റിയ നിഖിലിന്റെ കൈയിൽ നിന്നും കുട്ടി തെറിച്ചു വീണു. അപ്പോഴേക്കും ആന പാഞ്ഞെത്തി ഇയാളെയും ജയനെയും തുമ്പിക്കൈക്ക് തട്ടി. താഴെ കിടന്നിരുന്ന കുട്ടിയുടെ തലയിലും ചവിട്ടിയതായി പറയുന്നു. പിന്നീട് ആന എണ്ണപ്പന തോട്ടത്തിലേക്ക് തിരിച്ചുപോയി. ഈ സമയം വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ആലുവയിലെ സംഘം അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇവിടെ എണ്ണപ്പന തോട്ടത്തിൽ സ്ഥിരമായി കാണുന്ന കൊമ്പനാണ് ആക്രമണം നടത്തിയത്.
കുട്ടിയുടെ അമ്മൂമ്മ വള്ളി മരിച്ചതിന്റെ അടിയന്തര ചടങ്ങുകൾ ചൊവ്വാഴ്ച നടക്കുകയാണ്. ഇതിന്റെ ആവശ്യത്തിന് പൂവ് പറിക്കാനാണ് നിഖിൽ അമ്മായിഅച്ഛനേയും മകളെയും കൂട്ടി ബൈക്കിൽ പോയത്.