
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരി മരിച്ചതോടെ മലയോര മേഖലകളിൽ ഭീതി. അതേസമയം, കാടുകളിൽ ആനകളുടെ എണ്ണം കൂടുകയാണെന്ന അനൗദ്യോഗിക വിവരങ്ങളും ആശങ്കപ്പെടുത്തുന്നു. അതിരപ്പിള്ളി മുതൽ വാഴാനി വരെയുള്ള വനങ്ങളോട് ചേർന്നുള്ള ജനവാസമേഖലകളിൽ കാട്ടാനകളുടെ ശല്യമുണ്ട്. കാട്ടുപന്നിയേയും പുലിയേയുമെല്ലാം പിടികൂടാൻ കഴിയുമെങ്കിലും കാട്ടാനകളുടെ കാര്യത്തിൽ ഫലപ്രദമായ പരിഹാരം വനംവകുപ്പിനും നൽകാനാവുന്നില്ല. ജൈവവേലികളും കിടങ്ങുകളുമെല്ലാം മറികടന്നാണ് ആനകൾ കൃഷിയിടങ്ങളിലേക്ക് വരുന്നത്. കാട്ടിൽ ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതായും പറയുന്നു. വാഴയും കരിമ്പുമെല്ലാം ആനകളുടെ ഇഷ്ടവിഭവങ്ങളാണ്. കൃഷിയിടങ്ങളിലേക്ക് ആന ഇറങ്ങുന്നതിന്റെ പ്രധാനകാരണം ഇത്തരം ഭക്ഷണം തേടുന്നതാണെന്നാണ് ആന ചികിത്സാവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണം തേടി മാത്രമാണ് കാട്ടാനകൾ നാട്ടിലെത്തുന്നതെന്ന് ചുരുക്കം. കാടുകളിലെ കൈയേറ്റങ്ങളും ചാരായ വാറ്റും കാട്ടുതീയും വരൾച്ചയുമെല്ലാം കാരണം കാടുകളുടെ സ്വാഭാവികത നശിച്ചതിനാൽ നാട് തന്നെയാണ് ആനകൾക്ക് ഭേദമെന്ന അഭിപ്രായവും ആനചികിത്സാവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതുവെ ഒരു ദിവസം നൂറിലധികം കിലോമീറ്ററുകൾ ആനകൾ സഞ്ചരിക്കാറുണ്ട്. കാടിന്റെ വിസ്തൃതി കുറയുമ്പോൾ ആനത്താരകളും കുറയുകയാണ്.
ആവശ്യങ്ങൾ
വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രികാല പട്രോളിംഗ് ശക്തമാക്കണം.
വന്യജീവി അക്രമങ്ങളിൽ പ്രഖ്യാപിച്ച വാഗ്ദാനം പാലിക്കപ്പെടണം.
വന്യജീവികളെ പ്രതിരോധിക്കാൻ ആധുനിക സമ്പ്രദായങ്ങൾ നടപ്പാക്കണം
പ്രത്യാക്രമണം പരിഹാരമല്ല
ഏതാനും വർഷം മുൻപ് മണ്ണാർക്കാട് പടക്കം വായിലിരുന്ന് പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവം ഏറെ വിവാദമായിരുന്നു. വനാതിർത്തികളിൽ കാട്ടാനകൾ അടക്കമുള്ളവയോട് നടക്കുന്ന അക്രമണവും ചൂഷണവും നിയമലംഘനങ്ങളും കൂടുകയാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം. ആനകളെ ആക്രമിച്ച് പ്രതിരോധിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. നമ്മുടെ രാജ്യത്തെ മറുനാടുകളിലുള്ളവർ നോക്കിക്കാണുന്നത് ഇവിടെ മൃഗങ്ങളെ എങ്ങനെ പരിചരിക്കുന്നു എന്നതു കൂടി കൂട്ടിച്ചേർത്താണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
കാട്ടിൽ ആനകളുടെ എണ്ണം കൂടിയെന്നത് ഒരു വസ്തുതയാണ്. അപ്പോൾ സ്വാഭാവികമായും അവ നാട്ടിലേക്ക് വരും. കാടിറങ്ങുന്ന മറ്റ് വന്യമൃഗങ്ങളെ പോലെ കാട്ടാനകളെ പിടിച്ചുകൊണ്ടുവന്ന് സംരക്ഷിക്കാനുളള സംവിധാനം ഇല്ല. കാട്ടാനകളെ പ്രതിരോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്തം കാട്ടിയില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകും.
ഡോ.പി.ബി.ഗിരിദാസ്
ആനചികിത്സാവിദഗ്ധൻ
കിടങ്ങുകളും വൈദ്യുത വേലിയും സ്ഥാപിക്കണം
അതിരപ്പിള്ളി , വെറ്റിലപ്പാറ മേഖലകളിൽ കിടങ്ങുകളും വൈദ്യുത വേലികളും വ്യാപകമായി സ്ഥാപിക്കണമെന്ന് അഭിപ്രായവും ഉയരുന്നുണ്ട്. എട്ടു മാസത്തിനിടെ മൂന്ന് ജീവനുകളാണ് ഈ മേഖലയിൽ പൊലിഞ്ഞതെന്നും രണ്ട് കുടുംബങ്ങൾക്കും ചില്ലിക്കാശ് പോലും നൽകാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആരോപിച്ചു.