
തൃശൂർ : വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായവും കൃഷിനാശം സംഭവിച്ചവർക്കുള്ള ധനസഹായവും മാസങ്ങളായിട്ടും നൽകാനായിട്ടില്ല. കഴിഞ്ഞ വർഷം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പേരിൽ ഒരാളുടെ കുടുംബത്തിന് മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചത്. മൂന്ന് പേർക്ക് സംഭവം നടന്ന ഉടനെ അഞ്ച് ലക്ഷം രൂപ വീതം നൽകി. മുഴുവൻ തുകയും ലഭ്യമാക്കുന്നതിന് ആവശ്യമായ രേഖകൾ റേഞ്ച് ഓഫീസുകളിൽ ഹാജരാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ രണ്ട് പേരുടെ ആശ്രിതർക്ക് ഇതുവരെ ഒന്നും നൽകിയിട്ടില്ല. ഒരാളുടെ അനന്തരാവകാശി ആരെന്നത് സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാലും മറ്റൊരാൾ കേസിൽ ഉൾപ്പെട്ടതിനാലും ധനസഹായം കൈമാറാൻ സാധിച്ചില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. കേസിൽ ഉൾപ്പെട്ടയാളുടെ കുടുംബത്തിനുള്ള ധനസഹായം അടുത്ത ദിവസം കൈമാറിയേക്കും. അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര സഹായമായി ഇന്നലെ അഞ്ച് ലക്ഷം കൈമാറിയിരുന്നു. കഴിഞ്ഞവർഷം ജനുവരി ഒന്ന് മുതൽ തിങ്കളാഴ്ച്ച അതിരപ്പിള്ളിയിലെ അഞ്ചുവസുകാരി ഉൾപ്പെടെ ഏഴ് പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഏഴ് പേരും ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിലെ റേഞ്ചിലുള്ളവരാണ്.
കാട്ടുപന്നികളാൽ പൊറുതിമുട്ടി
സംസ്ഥാനത്ത് കാട്ടുപന്നികളുടെ ശല്യം കൂടുതലുള്ള രണ്ടാമത്തെ ജില്ലയാണ് തൃശൂർ. കൂടുതൽ ശല്യമുള്ള 51 ഹോട്ട് സ്‌പോട്ടുകളാണ് കണ്ടെത്തിയത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം കേരളം നടത്തിയ പരിശോധനയെ തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണ്ണൂരിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ജില്ലയുള്ളത്. കാട്ടുപന്നികളുടെ ആക്രമണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ചാലക്കുടി ഡിവിഷനിൽ ഒരാൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വെടിവച്ച് കൊന്നത് 71 എണ്ണത്തെ
ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ച് കൊന്നത് 71 എണ്ണം (വനം വകുപ്പ് അനുമതിയോടെ)
തൃശൂർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ 51
ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിൽ 20
നൽകാനുള്ളത് കോടിയിലേറെ രൂപ
വാഴച്ചാൽ, ചാലക്കുടി, തൃശൂർ ഡി.എഫ്.ഒമാരുടെ കീഴിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങി വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും കൃഷിനാശമുണ്ടായവർക്കും പരിക്കേറ്റവർക്കുമായി നൽകാനുള്ളത് ഒരു കോടി രൂപയിലേറെയാണ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത് ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിലാണ്. 86.46 ലക്ഷം നൽകേണ്ട സ്ഥാനത്ത് 25 ലക്ഷം മാത്രമാണ് നൽയത്. നഷ്ടപരിഹാരം നൽകാനുള്ള തുക അനുവദിച്ച് കിട്ടാത്തതാണ് സഹായം നൽകാൻ വൈകുന്നത്. തൃശൂരിൽ എട്ട് മാസമായി നഷ്ടപരിഹാര തുക നൽകാനായിച്ചിട്ടില്ല.
നഷ്ട പരിഹാരം നൽകാനുള്ളത്
ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് 64.46 ലക്ഷം
തൃശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് 40 ലക്ഷം
വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ഒന്നര ലക്ഷം