മണ്ണുത്തി: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ ഓഫീസുകൾ ഇനി സൗരോർജ്ജ പ്ലാന്റിൽ നിന്നുള്ള വൈദ്യുതിയിൽ പ്രകാശിക്കും. വർദ്ധിച്ചുവരുന്ന വൈദ്യുതി തുക കൂടി കണക്കിലെടുത്താണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സോളാർ പവർ പ്ലാന്റ് യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായി ഈ സാമ്പത്തിക വർഷം 15 ലക്ഷം രൂപയാണ് വകയിരുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമാണം പൂർത്തീകരിച്ച സോളാർ പ്ലാന്റിൽ 390 വാട്ടിന്റെ 40 മോണോ ക്രിസ്റ്റലൈൻ പാനലുകളാണ് ഉള്ളത്. സോളാർ മീറ്റർ, നെറ്റ് മീറ്റർ ഉൾപ്പടെയുള്ള അനുബന്ധ യൂണിറ്റുകൾ ഈ പ്രോജക്ടിൽ ഉൾപ്പെടുന്നു. സോളാർ പ്ലാന്റിൽ നിന്നും ഒരു ദിവസം പരമാവധി 60 യൂണിറ്റ് വൈദ്യുതി ലഭിക്കുമ്പോൾ ഓഫീസുകളിലെ ഒരുദിവസത്തെ ശരാശരി ഉപയോഗം 30 യൂണിറ്റാണ്. അധികം വരുന്ന 30 യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി നൽകുന്ന രീതിയിലാണ് പ്ലാന്റിന്റെ പ്രവർത്തനം പൂർത്തീകരിച്ചിരിക്കുന്നത്. സോളാർ പ്ലാന്റ് യൂണിറ്റിന് 5 വർഷം വാറന്റി ഉത്പാദകരായ കെൽട്രോൺ ഉറപ്പ് നൽകുന്നുണ്ട്.
വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സൗരോർജം പ്രയോജനപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
-കെ.ആർ. രവി
(ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)