
പുതുക്കാട്: പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചിട്ട് ഫെബ്രുവരി 9 ന് പത്ത് വർഷം. ടോൾ പിരിവ് ആരംഭിച്ച അന്ന് മുതൽ ആരംഭിച്ചതാണ് പൊതുജനങ്ങളുടെ ദുരിതം. ടോൾ പിരിവിന് അനുമതി നൽകിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്.
കരാർ അനുസരിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് മുമ്പാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ ആറു മാസത്തിനകം പൂർത്തീകരിക്കണമെന്നും അല്ലെങ്കിൽ ടോൾ പിരിവ് നിറുത്തിവയ്‌ക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ടോൾ കമ്പനിക്ക് മുന്നറിയിപ്പ് നൽകി. സർവ്വീസ് റോഡുകൾ, കാനകൾ, ബസ് ഷെൽട്ടറുകൾ തുടങ്ങി ഒട്ടേറെ നിർമ്മാണ പ്രവൃത്തികൾ തീർക്കാതെയാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. അതിലെ പല പ്രവൃത്തികളും ടോൾ പിരിവ് ആരംഭിച്ച് പത്ത് വർഷമായിട്ടും പൂർത്തീകരിക്കാനായിട്ടില്ല. തദ്ദേശ വാസികളുടെ പ്രതിഷേധം കുറയ്ക്കാനായി ടോൾ പ്ലാസയ്ക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യ യാത്ര സർക്കാർ വാഗ്ദാനം ചെയ്തു. തദ്ദേശീയരുടെ ടോൾ ചുങ്കം സർക്കാർ ടോൾ കമ്പനിക്ക് നൽകുമെന്നായിരുന്നു കരാർ. കമ്പനി റോഡ് ഉണ്ടാക്കിയത് മണ്ണുത്തി മുതൽ അങ്കമാലി വരെയാണ്. പക്ഷേ , ഇടപ്പിള്ളി വരെ ടോൾ പിരിക്കാൻ കരാർ നൽകി. വർഷാവർഷം വർദ്ധിപ്പിക്കാനും അനുമതിയുണ്ട്. ഇതിനിടെയാണ് കേന്ദ്ര സർക്കാർ ഫാസ് ടാഗ് ഏർപെടുത്തിയത്. പണം മുൻകൂറായി നൽകി ഓരോ യാത്രയ്ക്കും കാറിന് മുന്നിൽ ഘടിപ്പിക്കുന്ന ടാഗ് റീഡ് ചെയ്ത് പണം പിൻവലിക്കുന്ന രീതിയാണിതിൽ. ഇതും പലപ്പോഴും തർക്കങ്ങൾക്ക് വഴിവെച്ചു. പലരുടെയും അധിക പണം നഷ്ടപെട്ടു.
പത്ത് വർഷം പിന്നിടുമ്പോൾ
പിരിച്ചെടുത്തത് 1000 കോടി
2028 ജൂണിൽ 4000ൽ അധികം കോടി
ചെലവ് വന്നത് 825 കോടി
സർക്കാർ നടപടിയാവശ്യപ്പെട്ട് ' ല കാമ്പയിൻ '
ടോൾ കമ്പനി 1000 കോടിയോളം പിരിച്ചെടുത്തിട്ടും നിരന്തരമായ കരാർ ലംഘനവും, ക്രമക്കേടും തുടരുന്ന സാഹചര്യത്തിൽ കരാർ കമ്പനിയെ കരാറിൽ നിന്നും ഒഴിവാക്കാൻ എൻ.എച്ച്.എ.ഐയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ജനങ്ങളുടെ പ്രതികരണം അറിയാൻ സോഷ്യൽമീഡിയയിൽ അഭിപ്രായ വോട്ടെടുപ്പ് ഉൾപ്പെടെയുള്ള 'ല ക്യാംപയിന്' തുടക്കം കുറിച്ചു. തുടക്കം മുതൽ ഇന്നുവരെ കരാറിലെ പഞ്ച് ലിസ്റ്റിൽ പറയുന്ന നിർമ്മാണ പ്രവൃത്തികൾ, അറ്റകുറ്റപണികൾ, അഞ്ച് വർഷത്തിലൊരിക്കലുള്ള റീടാറിംഗ് എന്നിവ പൂർത്തീകരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. ഇതെല്ലാം കരാർ പ്രകാരം മോണിറ്റർ ചെയ്യേണ്ട എൻ.എച്ച്.എ.ഐ ലംഘനത്തിന് കുടപിടിക്കുകയാണ്. ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ സ്ഥലം എം.എൽ.എ. കെ.കെ രാമചന്ദ്രൻ മുൻകൈയെടുക്കണമെന്ന് അഡ്വ.ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.