
ചാലക്കുടി: കണ്ണൻകുഴിയിൽ അഞ്ചു വയസുകാരിയെ ആന ചവിട്ടി കൊന്നതിൽ രോഷാകുലരായ നാട്ടുകാർ അരൂർമുഴിയിൽ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ ആരംഭിച്ച വഴിതടയൽ ഉച്ചയ്ക്ക് രണ്ടോടെ കളക്ടർ ഹരിത വി. കുമാർ സ്ഥലത്തെത്തി ഇടപെട്ടതോടെ പിൻവലിക്കുകയായിരുന്നു. മുന്നൂറോളം പേരടങ്ങുന്ന നാട്ടുകാരാണ് ഉപരോധിച്ചിരുന്നത്. നേരത്തെ നടന്ന സർവകക്ഷി യോഗ തീരുമാനങ്ങൾ എം.എൽ.എ ടി.ജെ.സനീഷ്‌കുമാർ നാട്ടുകാരെ അറിയിച്ചെങ്കിലും അവർ ചെവി കൊണ്ടില്ല. തുടർന്ന് കളക്ടർ നേരിട്ട് അരൂർമുഴിയിലെത്തി. തൃശൂരിൽ നടന്ന സർവ്വ കക്ഷി യോഗ തീരുമാന പ്രകാരം ശക്തമായ നടപടികളുണ്ടാകുമെന്നും കൊലയാളി ആനയെ തുരത്തുന്നത് ഉൾപ്പെടെയുള്ള പരിഹാരത്തിന് ശ്രമിക്കുമെന്നും കളക്ടർ നാട്ടുകാർക്ക് ഉറപ്പുകൊടുത്തു.
അതേസമയം പുത്തൻചിറയിലെ ആഗ്‌നമിയയുടെ മൃതദേഹം കണ്ണൻകുഴിയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിച്ചു. കൊവിഡ് ബാധിതയായ അമ്മയെ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു കുട്ടിയുടെ മൃതദേഹം കാണിച്ചത്. കുട്ടിയും കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ വീട്ടിലെ പൊതുദർശനം ഒഴിവാക്കി. അടുത്ത ഏതാനും ബന്ധുക്കൾക്ക് മാത്രമായിരുന്നു പ്രവേശനം. ഇരിങ്ങാലക്കുട ആർ.ഡി.ഒ എം.എച്ച്.ഹരീഷ്, ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ.സന്തോഷ്, അതിരപ്പിള്ളി എസ്.എച്ച്.ഒ. ഷിജു എന്നിവരും കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
കൊലയാളി ആനയെ വെടിവച്ചു കൊല്ലുണമെന്ന മുറവിളിയിലാണ് നാട്ടുകാർ. തീരുമാനങ്ങൾ പലതും എടുക്കും, രണ്ടു ദിവസം കഴിഞ്ഞാൽ അതിന്റെ ചൂടാറും. പിന്നെയെല്ലാം പഴയപടിയാകും. നാട്ടുകാർ ഒന്നടങ്കം വിളിച്ചു പറയുന്നത് ഇങ്ങനെയാണ്. ഇക്കാരണത്താലാണ് എം.എൽ.എയും ആർ.ഡി.ഒയും നടത്തിയ അനുരഞ്ജന സംഭാഷണങ്ങളിലൊന്നും ഇവർ സൗമനസ്യപ്പെടാഞ്ഞത്.
മൂന്നുപേർ ഇരകൾ
കൊലവെറിയുമായി നടക്കുന്ന ആന ഇതിനകം മൂന്നു പേരെ വകവരുത്തി. ആറോളം പേരെ ആക്രമിച്ചു. മനുഷ്യജീവന് മുൻതൂക്കം നൽകി ആനയെ വെടിച്ചു കൊന്നേ മതിയാകൂവെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് വർഷമായി കണ്ണൻകുഴിയിലും വെറ്റിലപ്പാറയിലുമായി കറങ്ങുന്ന കൊമ്പൻ ഏതാനും പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടുമുണ്ട്. രണ്ട് വർഷം മുൻപ് കണ്ണൻകുഴിയിലെ ഉൾക്കാട്ടിൽ ആദിവാസി യുവാവ് രാജേഷിനെ തുമ്പിക്കൈക്ക് അടിച്ചു കൊന്നു. ആറ് മാസം മുൻപ് അരൂർമുഴിയിലെ കുഞ്ചു വെറ്റിലപ്പാറ പ്ലാന്റേഷൻ തോട്ടത്തിൽ പനംപട്ട ശേഖരിക്കാൻ പോയപ്പോൾ ആക്രമിക്കപ്പെട്ടു. രണ്ടു മരണങ്ങളും കാടിനും തോട്ടത്തിനും അകത്തു വച്ചായിരുന്നെങ്കിൽ കഴിഞ്ഞ ദിവസത്തേത് പൊതുവഴിയിലായിരുന്നു. തമിഴ്‌നാട്ടിലേക്കുള്ള സംസ്ഥാന ഹൈവേയിലാണ് അഞ്ചുവയസുകാരി ആഗ്‌നമിയയുടെ ദാരുണാന്ത്യം.
വഴിയും ജീവനും മുട്ടി പ്രദേശവാസികൾ
ചാലക്കുടി: വന്യമൃഗങ്ങളുടെ ശല്യത്തിൽ ജീവിതവും ജീവനും വഴിമുട്ടി മലയോര പ്രദേശവാസികൾ. പകൽ സമയങ്ങളിലും പലവിധ മൃഗങ്ങളും ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയാണ്. ആനകൾ സ്ഥിരമായി നിരത്തിലുണ്ട്. ഇവയുടെ സഞ്ചാരം കഴിഞ്ഞ ശേഷമേ വാഹനങ്ങൾക്ക് കടന്നു പോകാനാകൂ.
എണ്ണപ്പനത്തോട്ടങ്ങളിലും ആനകൾ തമ്പടിക്കുകയാണ്. അമ്പലപ്പാറയിൽ ഡാമിന്റെ കവാടത്തിൽ മാസങ്ങളായി ചുറ്റിത്തിരിയുന്ന കബാലി എന്ന പേരിലറിയപ്പെടുന്ന ഒറ്റയാൻ ഇതിനകം നിരവധി വാഹന യാത്രികർക്കെതിരെ പാഞ്ഞടുത്തു. ഭാഗ്യംകൊണ്ടാണ് ആളുകൾ രക്ഷപ്പെട്ടത്. എണ്ണപ്പന തോട്ടങ്ങളിലെ സ്ഥിതിയും മറിച്ചില്ല. രണ്ടു വർഷത്തിനിടെ എട്ടോളം പേർക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. ഇവിടെ മരണം മുന്നിൽ കണ്ടാണ് തൊഴിലാളികൾ ജോലിക്കിറങ്ങുന്നത്.