തൃശൂർ: കോർപറേഷനിലെ ഭൂരിഭാഗം ഡിവിഷനുകളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ മേയറുടെ മുന്നിൽ കുടവുമേന്തി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിലെത്തിയ കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് ബഹളം വച്ചു. ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്ന മേയറുടെ അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് കൗൺസിലർമാർ ഇരിപ്പിടത്തിലേക്ക് മടങ്ങി ചർച്ചയിൽ പങ്കെടുത്തു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് 1.62 കോടി രൂപ മുടക്കി പൈപ്പുകൾ വാങ്ങിക്കൂട്ടി മണ്ണിനടിയിൽ കുഴിച്ചിട്ടും പീച്ചിയിൽ 20 എം.എൽ.ഡി പുതിയ ട്രീറ്റ്‌മെന്റ് സ്ഥാപിച്ച് പ്രവർത്തിപ്പിച്ചിട്ടും കാലങ്ങളായി നിലവിൽ ലഭിച്ചുകൊണ്ടിരുന്ന വെള്ളം പോലും ലഭിക്കാതെ ജനങ്ങൾ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പറഞ്ഞു.
ഗാന്ധിനഗർ, കുണ്ടുവാറ, അരണാട്ടുകര, വില്ലടം, ചേറൂർ, മിഷൻ ക്വാർട്ടേഴ്‌സ്, സിവിൽ സ്റ്റേഷൻ, പുതൂർക്കര, പെരിങ്ങാവ്, വിയ്യൂർ, കിഴക്കുംപാട്ടുകര, വളർക്കാവ്, അഞ്ചേരി, കുരിയച്ചിറ, കണ്ണംകുളങ്ങര, കാനാട്ടുകര, പാട്ടുരായ്ക്കൽ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് കൗൺസിലർമാർ പറഞ്ഞു. കുടിവെളള വിതരണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന 162 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്ലാൻ ചെയ്ത് പലതും പൂർത്തീകരിച്ചൂവെന്ന് മേയർ മറുപടി നൽകി. അവശേഷിക്കുന്നവ അടിയന്തരമായി പൂർത്തീകരിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിന് മേഖലാടിസ്ഥാനത്തിൽ യോഗങ്ങൾ വിളിച്ച് ചേർക്കുന്നതിനും 12 ന് പീച്ചി ജല ട്രീറ്റ്‌മെന്റ് പ്ലാന്റ് കേരള ജല അതോറിറ്റിയും കോർപറേഷൻ പ്രതിനിധികൾ ഉൾപ്പെടെ സംയുക്തമായി പരിശോധിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കോർപറേഷൻ ശതാബ്ദി ആഘോഷം നടത്തുന്നതിനായി തിരഞ്ഞെടുത്ത കമ്മിറ്റി വിപുലീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ഇ.വി. സുനിൽരാജ്, കെ. രാമനാഥൻ, മുകേഷ് കൂളപ്പറമ്പിൽ, അഡ്വ. വില്ലി, മേഴ്‌സി അജി, ലീല, മേഫി ഡെൽസൺ, സുനിതാ വിനു, എബി വർഗീസ് എന്നിവർ സംസാരിച്ചു.

മേയറും കൗൺസിലർമാരും ജല അതോറിറ്റി ഉദ്യോഗസ്ഥരും 7 തവണ ചർച്ച ചെയ്തിട്ടും യാതൊരു നടപടികളും ഉണ്ടാകുന്നില്ല. വ്യക്തമായ ആസൂത്രണ പദ്ധതികൾ ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ പൈപ്പുകൾ വാങ്ങിക്കൂട്ടി കമ്മിഷൻ പറ്റുകയാണ് ഭരണമുന്നണി.
-രാജൻ. ജെ. പല്ലൻ.
(പ്രതിപക്ഷ നേതാവ്)


കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് കൗൺസിലുകളിൽ ജല അതോറിറ്റി ജീവനക്കാരുമായി ചർച്ച ചെയ്യണമെന്ന കൗൺസിലർമാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത കൗൺസിൽ യോഗം ഏതാനും ചില കൗൺസിലർമാർ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് ജനപ്രതിനിധികൾക്ക് ചേർന്നതല്ല.
-എം.കെ. വർഗീസ്.
(മേയർ)