1പഴയകാല ഫേട്ടോഗ്രാഫി ഉപകരണങ്ങളുമായി ഷോജി.

മാള: ഫോട്ടാഗ്രാഫി പൂർണമായും ഡിജിറ്റലായെങ്കിലും പഴയ കാലത്തെ ഉപകരണങ്ങൾ മാള സ്വദേശിയായ ഫോട്ടോഗ്രാഫർ ഷോജിയുടെ പക്കൽ ഇപ്പോഴുമുണ്ട്. ഭദ്രമായിത്തന്നെ. അമ്പതിലധികം ഫിൽറ്ററുകൾ, ടി.എൽ.ആർ, എസ്.ആൽ.ആർ അടക്കമുള്ള പത്തോളം കാമറകൾ, ഫ്ലാഷുകൾ, ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പ്രിന്റ് ചെയ്യുന്ന എൻ ലാർജുകൾ അങ്ങനെ വൈവിദ്ധ്യമാർന്ന ഫോട്ടോഗ്രാഫി ഉപകരണങ്ങൾ ഷോജി തന്റെ മ്യൂസിയത്തിൽ സൂക്ഷിക്കുന്നു. ഡിജിറ്റലായ ഇക്കാലത്തും ഫിലിമിൽ ഫോട്ടോയെടുക്കാനും പ്രിന്റ് ചെയ്യാനുള്ള കെമിക്കലും ഷോജിയുടെ പക്കലുണ്ട്.

1956 ലാണ് ഷോജിയുടെ പിതാവ് ചിറമ്മൽ എടത്തിരുത്തിക്കാരൻ ദേവസി മാളയിൽ വിത്സൻ സ്റ്റുഡിയോ എന്ന പേരിൽ സ്റ്റുഡിയോ ആരംഭിക്കുന്നത്. ഇരിങ്ങാലക്കുടയിലെ പുളിക്കൽ സ്റ്റുഡിയോയിൽ നിന്നുമാണ് ദേവസി ഫോട്ടോഗ്രാഫി പഠിക്കുന്നത്. പിന്നീട് പിതാവിൽ നിന്നും ഷോജി ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കി. 1979 മുതൽ ഷോജി സ്റ്റുഡിയോയുടെ പ്രവത്തനം ഏറ്റെടുത്തു. 1984ൽ അഖില കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ നടത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ ഒന്നാം സ്ഥാനം, കോഴിക്കോട് നടന്ന വിവാഹ ഫോട്ടോഗ്രാഫിയിൽ ഒന്നാം സ്ഥാനം അങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ഷോജിയെ തേടിയെത്തി. അമ്പതുകൾക്ക് ശേഷം ഫോട്ടോഗ്രാഫി മേഖല കൈവരിച്ച മാറ്റങ്ങൾ തന്റെ മ്യൂസിയത്തിലൂടെ പുതുതലമുറയ്ക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്ന ഷോജി

നിരവധി ഫോട്ടോഗ്രാഫി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.