athirappilly

ചാലക്കുടി: വിനോദ സഞ്ചാരകേന്ദ്രങ്ങളാൽ പ്രശസ്തമായ അതിരപ്പിള്ളി ഇപ്പോൾ വാർത്തയിൽ നിറയുന്നത് വന്യമൃഗങ്ങളുടെ തേർവാഴ്ചയാൽ. ആനയുടെ ആക്രമണം, കാട്ടുപന്നികളുടെ റോഡിന് കുറുകെയുള്ള ചാട്ടം, കുരങ്ങുകളുടെ ഉപദ്രവം അങ്ങനെ നീളുന്നു മൃഗങ്ങളുടെ വിളയാട്ടം. കൊന്നക്കുഴി മുതൽ വന്യമൃഗശല്യം തുടങ്ങുകയായി.
വാഹനങ്ങളിൽ അതീവ ജാഗ്രതയോടെ സഞ്ചരിച്ചില്ലെങ്കിൽ അപകടങ്ങളെ ക്ഷണിച്ചു വരുത്തും. പന്നികളും മ്ലാവും മാനുമാണ് പുഴയിലെ വെള്ളം തേടി റോഡ് മുറിച്ചു കടക്കുന്നത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും ഇത്തരം അപകടത്തിന് ഇരയാകുന്നത്. തിങ്കളാഴ്ച രാവിലെ ചക്രാണിയിൽ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പന്നിയെ ഇടിച്ചുവീണത്. മ്ലാവും ഈ മേഖലയിൽ വില്ലന്മാരാണ്.

തുമ്പൂർമുഴി പ്രദേശങ്ങളാണെങ്കിൽ ആനകളുടെ പിടിയിലും. ആദ്യകാലത്തേത് പോലെയല്ല, ഇപ്പോഴത്തെ അനുഭവമെന്ന് ഡ്രൈവർമാർ പറയുന്നു. ആനകൾ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കും. വണ്ടികളുടെ എൻജിൻ ശബ്ദം കൂട്ടിയിട്ടും പ്രയോജനമില്ല. പലപ്പോഴും ഉപദ്രവിക്കുന്നുമുണ്ട്. നേരം ഇരുട്ടിയാൽ കണ്ണൻകുഴി മുതൽ അതിരപ്പിള്ളിയുടെ മറ്റിടങ്ങളിലേക്കുള്ള യാത്ര അതീവ അപകടകരമാണ്.

ജീവൻ പണയപ്പെടുത്തിയുള്ള സഞ്ചാരം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അതുകൊണ്ട് ഇപ്പോൾ വാഴച്ചാൽ മുതൽ അങ്ങോട്ട് ബൈക്ക് യാത്രികരെ കടത്തി വിടുന്നില്ല. കുരങ്ങുകളും ആളുകളെ വെറുതെ വിടുന്നില്ല. കൊവിഡിനെ തുടർന്ന് വിനോദ സഞ്ചാരികൾ കുറഞ്ഞതിലാകണം നാട്ടിലെ ഭക്ഷണം കിട്ടാതെ ഇവ നാട്ടുകാർക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. ഏതാനും മാസമായി കുരങ്ങുകളുടെ കടിയേറ്റും അതിരപ്പിള്ളി പ്രദേശത്തുള്ളവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിട്ടുണ്ട്.