പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രവും മാടവന കുടുംബാരോഗ്യ കേന്ദ്രവും
കയ്പമംഗലം: സംസ്ഥാന സർക്കാരിന്റെ കായകൽപ്പം പുരസ്‌കാരത്തിളക്കത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രവും, മാടവന കുടുംബാരോഗ്യ കേന്ദ്രവും. നാഷണൽ റൂറൽ ഹെൽത്ത് മിഷനാണ് (എൻ.ആർ.എച്ച്.എം) പുരസ്‌കാരം നൽകുന്നത്.
ശുചിത്വം, പരിപാലനം, രോഗികൾക്കുള്ള അടിസ്ഥാന സൗകര്യം, അണുബാധ നിയന്ത്രണം, വിവിധ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം. 91.29 ശതമാനം മാർക്ക് നേടിയാണ് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം ഒന്നാം സമ്മാനമായ മൂന്ന് ലക്ഷം രൂപയ്ക്ക് അർഹത നേടിയത്. തീരദേശ മണ്ഡലമായ കയ്പമംഗലത്തെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ സ്ഥാപനങ്ങളാണ് ഇവ രണ്ടും.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായ പെരിഞ്ഞനം നേരത്തെ ജില്ലാ തലത്തിൽ മികവിനുള്ള പുരസ്‌കാരം നേടിയിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 36 ബെഡ് അടങ്ങിയ പ്രത്യേക വാർഡുകൾ, മരുന്ന് വിതരണത്തിന് ഇരിപ്പിടം സജ്ജമാക്കിയ വിശാലമായ സൗകര്യം, കൂടാതെ മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ശീതീകരണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ ആദ്യമായി ഐ.എസ്.ഒ അംഗീകാരം നേടിയ ആദ്യത്തെ സാമൂഹിക ആരോഗ്യ സ്ഥാപനമാണ് പെരിഞ്ഞനം. കായകൽപ്പ് മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് നടപ്പിലാക്കിയ വികസന പ്രവർത്തനത്തിലൂടെ മാടവന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാൻ സാധിച്ചു. ശരാശരി 360ൽ പരം രോഗികൾക്ക് ദിവസേന ആശുപത്രിയിലൂടെ സേവനം ലഭിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിൽ ഡേക്ടർമാരുടെ സേവനം രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാക്കുകയും അതുവഴി ഒട്ടേറെ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
അതിനാവശ്യമായ ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, മറ്റ് ജീവനക്കാർ എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയും അവർക്ക് വേതനം നൽകുന്നതിനുള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുകയും ചെയ്തു. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ, വത്സമ്മ, വി.എസ്. ജിനേഷ്, ഡോ. സാനു എം. പരമേശ്വരൻ എന്നിവർ പങ്കെടുത്തു.