തൃശൂർ: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഭവന നിർമ്മാണത്തിന് ധനസഹായം ലഭിച്ച സ്ത്രീക്ക് കെട്ടിട നിർമ്മാണ സാമഗ്രികൾ സൈറ്റിലെത്തിക്കാൻ മാനുഷിക പരിഗണന നൽകി വഴി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

പദ്ധതിക്ക് കീഴിൽ പരാതിക്കാരിക്ക് അർഹതപ്പെട്ട തുകയുടെ മുഴുവൻ ഗഡുക്കളും അനുവദിക്കണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി കൊടുങ്ങല്ലൂർ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

കൊടുങ്ങല്ലൂർ നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയായ ചാപ്പാറ സ്വദേശി സാവിത്രിയുടെ നിർമ്മാണ സ്ഥലത്തേയ്ക്ക് പ്രവേശിക്കാൻ വഴിയില്ല. ഇരിങ്ങാലക്കുട ആർ.ഡി.ഒ പരാതിക്കാരിയെയും എതിർ കക്ഷിയെയും കേട്ടു.

സാവിത്രിക്ക് നടവഴി നൽകണമെന്ന ആവശ്യം ന്യായമാണെങ്കിലും വിഷയം കൊടുങ്ങല്ലൂർ മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. തർക്കം പി.എം.എ.വൈ ഗുണഭോക്താവിന്റെ വീട് നിർമ്മാണത്തിന് വഴി പ്രതിബന്ധമാകാൻ പാടില്ല. പരാതിക്കാരിക്ക് രണ്ടു ഗഡു നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ താൻ രണ്ടു പെൺകുട്ടികളുമായി വാടക വീട്ടിൽ താമസിക്കുകയാണെന്ന് പരാതിക്കാരി കമ്മിഷനെ അറിയിച്ചു. എതിർ കക്ഷിയായ ശിവരാമൻ വഴി അനുവദിക്കാത്തതിനാൽ തങ്ങൾ ദുരിതത്തിലാണെന്നും പരാതിയിൽ പറയുന്നു. വഴിയുമായി ബന്ധപ്പെട്ട തർക്കം കോടതിയിലാണ് പരിഹരിക്കേണ്ടതെങ്കിലും മാനുഷിക പരിഗണനയുടെ പേരിൽ പരാതിക്കാരിയുടെ സങ്കടം പരിഗണിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.