
തൃശൂർ: അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചുവയസുകാരി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശാശ്വത പരിഹാരം കാണുമെന്ന് കളക്ടർ ഹരിത വി. കുമാർ. സംഭവത്തിന് പിന്നാലെ രോഷാകുലരായ മുന്നൂറോളം പേരടങ്ങുന്ന നാട്ടുകാർ അരൂർമുഴിയിൽ റോഡ് ഉപരോധിച്ചത് കളക്ടറുടെ ഇടപെടലിൽ അവസാനിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴരയോടെ ആരംഭിച്ച വഴിതടയൽ ഉച്ചയ്ക്ക് രണ്ടോടെ കളക്ടർ ഹരിത വി. കുമാർ സ്ഥലത്തെത്തി ഇടപെട്ടതോടെ പിൻവലിച്ചു.
സംസ്ഥാന സർക്കാർ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും. മന്ത്രിമാർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും കളക്ടർ പറഞ്ഞു. മൃതദേഹം കൊണ്ടുപോകാൻ വഴി ഒരുക്കണമെന്നും റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നും കളക്ടർ നാട്ടുകാരോട് ആവശ്യപ്പെട്ടു. കളക്ടറുടെ ഉറപ്പിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. നേരത്തെ നടന്ന സർവകക്ഷി യോഗ തീരുമാനങ്ങൾ എം.എൽ.എ ടി.ജെ.സനീഷ്‌കുമാർ നാട്ടുകാരെ അറിയിച്ചെങ്കിലും അവർ ചെവി കൊണ്ടില്ല. തുടർന്ന് കളക്ടർ നേരിട്ടെത്തുകയായിരുന്നു. വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ എത്താതിരിക്കാൻ റെയിൽ ഫെൻസിംഗ് സ്ഥാപിക്കൽ, വനപാലകരുടെ കർശന റോന്തു ചുറ്റൽ എന്നിവയുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി.
ആഗ്നമിയയുടെ കുടുംബത്തിന് നഷ്ടപരിഹാരം
നൽകണം: ബെന്നി ബെഹന്നാൻ
ചാലക്കുടി: അതിരപ്പള്ളിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ആഗ്നമിയയുടെ കുടുംബത്തിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ ധനസഹായം പ്രഖ്യാപിക്കണമെന്ന് ബെന്നി ബഹനാൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മനുഷ്യജീവനും, സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗശല്യം കേരളത്തിൽ ദിനംപ്രതി വർദ്ധിച്ചുവരികയാണെന്ന് എം.പി സഭയെ അറിയിച്ചു. പ്രദേശത്തെ ജനങ്ങളുടെയും, യാത്രക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.