കുന്നംകുളം: ടൗൺ ഹാളിന് എതിർവശം കെ.ആർ. ഗ്രൂപ്പ് സ്ഥാപിച്ച കണ്ടെയ്‌നർ മാറ്റാനുള്ള നഗരസഭയുടെ നീക്കം വിഫലമായി. അനധികൃതമായാണ് കണ്ടെയ്‌നർ സ്ഥാപിച്ചതെന്ന് കാട്ടിയാണ് നഗരസഭാ ഉദ്യോഗസ്ഥർ അത് നീക്കം ചെയ്യാനെത്തിയത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്ടെയ്‌നർ സ്ഥാപിച്ചിട്ടുള്ളതെന്നും നഗരസഭ നോട്ടീസ് നൽകാൻ പോലും തയ്യാറായിട്ടില്ലെന്നും വ്യക്തമാക്കി കെ.ആർ. ഗ്രൂപ്പ് ഉടമസ്ഥർ ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു. കുന്നംകുളം നഗരസഭയിലെ 20-ാം വാർഡ് ശാന്തി നഗറിൽ രാജീവ് ഗാന്ധി മെമ്മോറിയൽ മുനിസിപ്പൽ ടൗൺ ഹാളിന് മുൻഭാഗത്തായാണ് കെ.ആർ. ഗ്രൂപ്പ് കണ്ടെയ്‌നർ സ്ഥാപിച്ചിട്ടുള്ളത്. ഇത് അനധികൃതമാണെന്ന് കാണിച്ചാണ് പൊളിച്ച് നീക്കാൻ നഗരസഭാ ഉദ്യോഗസ്ഥരെത്തിയത്. കണ്ടെയ്‌നറിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇതിനാൽ ക്രെയിൻ ഉപയോഗിച്ച് കണ്ടെയ്‌നർ നീക്കം ചെയ്യാനാകാതെ വന്നതോടെ ഉദ്യോഗസ്ഥർ പൊലീസിനെ സമീപിച്ചു. എസ്.ഐമാരായ അനുരാജ്, ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയതോടെ കെ.ആർ. ഗ്രൂപ്പ് ഉടമസ്ഥർ നഗരസഭാ ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു. കെ.ആർ. ഗ്രൂപ്പിന്റെ കൊമേഴ്‌സ്യൽ കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കണ്ടെയ്‌നർ തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നും കോടതിയുടെ ഉത്തരവില്ലാതെയാണ് നഗരസഭാ ഉദ്യോഗസ്ഥർ എത്തിയതെന്നും കെ.ആർ. ഗ്രൂപ്പ് വാദം ഉന്നയിച്ചതോടെ ഉദ്യോഗസ്ഥ സംഘം മടങ്ങി. എന്നാൽ നഗരസഭാ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിന് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുമെന്നറിയിച്ചു. നിയമപരമായി മന്നോട്ടുപോകുമെന്ന് പൊലീസും വ്യക്തമാക്കി.