കുന്നംകുളം: നഗരസഭയിലെ ഓൺലൈൻ കൗൺസിൽ യോഗത്തിനിടയിൽ പ്രതിഷേധിച്ച 16 കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഓൺലൈൻ കൗൺസിൽ യോഗത്തിന്റെ ലിങ്ക് നൽകിയില്ലെന്നാരോപിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചത്. നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രന്റെ ഓഫീസിനുള്ളിലേയ്ക്ക് കയറിയ കൗൺസിലർമാർ ഓൺലൈൻ യോഗം തടഞ്ഞു. പ്രതിപക്ഷ കൗൺസിലർമാർക്ക് ഓൺലൈൻ യോഗത്തിന്റെ ലിങ്ക് നൽകാത്തതിനാൽ കൗൺസിൽ യോഗം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് യോഗം തടഞ്ഞത്. തുടർന്ന് നഗരസഭാ സെക്രട്ടറിയും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുമായും ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് ചെയർപേഴ്‌സൺ കൗൺസിലർമാരെ ഓഫീസിന് പുറത്തിറക്കി. ചെയർപേഴ്‌സൺ റൂം പൂട്ടിയിട്ട് കൗൺസിൽ യോഗം തുടർന്നു. ഇതോടെ പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്‌സന്റെ ഓഫീസിനു മുൻപിൽ കിടന്ന് പ്രതിഷേധിച്ചു. നഗരസഭാ ചെയർപേഴ്‌സനെയും ഭരണപക്ഷ കൗൺസിലർമാരെയും നഗരസഭാ ജീവനക്കാരെയും തടഞ്ഞു കൊണ്ടായിരുന്നു ചെയർപേഴ്‌സന്റെ ഓഫീസിനു മുൻപിൽ പ്രതിപക്ഷ കൗൺസിലർമാർ കിടന്ന് പ്രതിഷേധിച്ചത്. നിരവധി തവണ ചെയർപേഴ്‌സൺ പ്രശ്‌നപരിഹാരത്തിനായി പ്രതിപക്ഷ കൗൺസിലർമാരെ വിളിച്ചെങ്കിലും കൗൺസിൽ യോഗം മാറ്റി വയ്ക്കാതെ പറ്റില്ലെന്നായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ മറുപടി. മണിക്കൂറുകളോളം ചെയർപേഴ്‌സന്റെയും ഭരണപക്ഷ കൗൺസിലർമാരുടെയും നഗരസഭാ ജീവനക്കാരുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതോടെ ചെയർപേഴ്‌സൺ അറിയിച്ചതിനെത്തുടർന്ന് കുന്നംകുളം സി.ഐ. വി.സി. സൂരജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി സ്ത്രീകൾ ഉൾപ്പെടെ 16 കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കി. കൗൺസിലർമാരായ ബിജു.സി.ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസൻ, മിശാ സെബാസ്റ്റ്യൻ കെ.കെ. മുരളി, സുമ ഗംഗാധരൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ദിവസങ്ങൾക്ക് മുൻപ് തന്നെ കൗൺസിൽ യോഗത്തിന്റെ അജണ്ട നൽകിയിട്ടുണ്ട്. കൗൺസിൽ യോഗം തടസപ്പെടുത്തുന്നതിനും നഗരസഭയെ കരിവാരി തേക്കുന്നതിനും നഗരസഭയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനുമാണ് പ്രതിപക്ഷാംഗങ്ങൾ ശ്രമിക്കുന്നത്.
-സീതാ രവീന്ദ്രൻ
(നഗരസഭാ ചെയർപേഴ്‌സൺ)