പെരിങ്ങോട്ടുകര: നീണ്ട ഇരുപത് വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ കൊണഞ്ചേരി വീട്ടിൽ സീന ജയശീലൻ മറ്റൊന്നും ചിന്തിക്കാതെയാണ് കൃഷിയിലേക്കിറങ്ങുന്നത്. വിളവിറക്കിയതെല്ലാം നൂറ്മേനി കൊയ്തു. ലാഭമല്ല, മറിച്ച് കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷമാണ് തനിക്ക് ഏറ്റവും വലുതെന്ന് സീന പറയുന്നു. സോമശേഖര ക്ഷേത്രത്തിനു സമീപം ഒരേക്കറിൽ കൃഷി ചെയ്ത രക്തശാലി ഇനം നെല്ല് കഴിഞ്ഞ ദിവസം വിളവെടുത്തു.

മുൻ കൃഷി മന്ത്രി വി.എസ് സുനിൽകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ അദ്ധ്യക്ഷനായി. ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി പരാനന്ദ, സ്വാമി ശുഭാംഗാനന്ദ, കൃഷി ഓഫീസർ ഡോ. ഹെന്റി, എൻ.കെ. സുധീരൻ, സുരേഷ്ബാബു താനാപറമ്പിൽ എന്നിവർ സംബന്ധിച്ചു. ജൈവക്കൃഷി രീതിയാണ് സീന അവലംബിക്കുന്നത്. മിത്ര കീടങ്ങൾ, സ്യൂഡോമോണസ്, ട്രൈക്കോഡർമ്മ , പച്ചച്ചാണകം, ബാക്ടീരിയ രോഗത്തിനെ തടയാൻ ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചണ് കൃഷി ചെയ്യുന്നത്.

താന്ന്യം പഞ്ചായത്തിലെ മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡും സീന നേടിയിട്ടുണ്ട്. വട്ടനിലത്തിന് സമീപം ഒന്നരയേക്കറിൽ പച്ചക്കറിയും വാഴയും കൃഷി ചെയ്യുന്നുണ്ട്. ജയശീലനാണ് ഭർത്താവ്. മക്കൾ രേവതി, രോഹിത്.

രക്തശാലിയുടെ ഗുണങ്ങൾ

വാതം - പിത്തം - കഫം രോഗങ്ങൾക്കും, പ്രസവശേഷം സ്ത്രീകൾക്ക് മുലപ്പാൽ ഉണ്ടാകാനും, കാൽമുട്ട്, വാതരോഗം എന്നിവയ്ക്കും രക്തശാലി കഞ്ഞിവച്ചു കുടിക്കുന്നത് ഉത്തമമാണെന്ന് പറയുന്നു. ഇവ പ്രത്യേക മില്ലുകളിലാണ് കുത്തിയെടുക്കുന്നത്. ഒരു കിലോ രക്തശാലി നെൽവിത്തിനും അരിക്കും 200 മുതൽ 250 രൂപ വരെ വിലയുണ്ട്.

കേരളത്തിൽ നാമമാത്രമായേ ഇവ കൃഷി ചെയ്യുന്നത്.

സോമശേഖര ക്ഷേത്രത്തിനു സമീപം സീന ജയശീലൻ കൃഷി ചെയ്ത രക്തശാലി നെല്ലിന്റെ വിളവെടുപ്പ് മുൻകൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു.