paliyekkara-toll-plaza

പാലിയേക്കര: ടോൾ പ്ലാസയിൽ കാർ യാത്രക്കാരും ടോൾ ജീവനക്കാരും തമ്മിൽ പൊരിഞ്ഞ തല്ല്. ഞായറാഴ്ച ഉച്ചയോടെയുണ്ടായ തല്ലിന്റെ ദൃശ്യം തിങ്കളാഴ്ച സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് പുറംലോകമറിയുന്നത്.

വാഹനയാത്രികർ ടോളിനുള്ള പണം നൽകാത്തതിനെ ചൊല്ലി ജീവനക്കാരുമായി തർക്കിക്കുന്നതിനിടെ, പിന്നിൽ കാത്തുനിൽക്കേണ്ടി വന്ന കാർ യാത്രികരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയത്. ഷിഫ്റ്റ് ഇൻചാർജായ ജീവനക്കാരനെ തല്ലിയതോടെ മറ്റു ജീവനക്കാർ കാർ യാത്രികരെ മർദ്ദിച്ചു. കൂട്ടയടിയായെങ്കിലും ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടില്ല. ടോൾപ്ളാസയിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇതെന്നാണ് വിവരം. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ഇവിടെ ജീവനക്കാരും യാത്രികരും ഏറ്റുമുട്ടുന്നത് പതിവാണ്. പ്ളാസയിലെ കുരുക്കിൽ കുരുങ്ങുന്നതു മുതൽ ഫാസ് ടാഗ് സംവിധാനം റീഡ് ചെയ്യാത്ത പ്രശ്നങ്ങൾ വരെ നിരവധി കാരണങ്ങളാണ് അടിയിൽ കലാശിക്കുന്നത്.