തൃശൂർ: മെഡിക്കൽ കോളേജിലെ കാന്റീൻ നടത്തിപ്പിൽ ഒരുകോടി രൂപയോളം കുടിശിക വരുത്തിയ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ എച്ച്.ഡി.എസ് തീരുമാനം. കരാറുകാരനിൽ നിന്നും കുടിശിക പിടിച്ചെടുക്കാനായി റവന്യു റിക്കവറി നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ആശുപത്രിയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ചികിത്സ തുടരും. എച്ച്.ഡി.എസ് ജീവനക്കാരെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുന്നതിനായി നിയമോപദേശം തേടും. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ ജീവനക്കാരിയെ പിരിച്ചുവിടാനും യോഗത്തിൽ തീരുമാനമാനിച്ചു. കളക്ടർ ഹരിത.വി.കുമാർ അദ്ധ്യക്ഷയായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പ്രതാപ് സോമനാഥ്, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ബിജുകൃഷ്ണൻ, രാഷട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ ഓൺലൈനായി നടന്ന യോഗത്തിൽ പങ്കെടുത്തു.