attack

തൃശൂർ : വന്യമൃഗ ആക്രമണ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രതാസമിതികൾ ഉടൻ രൂപീകരിക്കാനും വന്യമൃഗശല്യം ഉള്ള പ്രദേശങ്ങളുടെ സ്വഭാവം അനുസരിച്ച് സോളാർ റെയിൽ ഫെൻസിംഗുകൾ സ്ഥാപിക്കാനും തീരുമാനം. അതിരപ്പിള്ളി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.രാധാകൃഷ്ണന്റെ സാനിദ്ധ്യത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ആവശ്യമുള്ള ഇടങ്ങളിൽ ട്രഞ്ച് , ആനമതിൽ ഉൾപ്പടെയുള്ളവ സ്ഥാപിക്കും. വനം മന്ത്രി അടുത്ത ദിവസം അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലം സന്ദർശിക്കും. വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി വൊളന്ററി ഫോഴ്‌സ് രൂപീകരിക്കാനും വനപാലകരുടെ സേവനം കാര്യക്ഷമമാക്കി വ്യത്യസ്ത രീതിയിലുള്ള പ്രതിരോധ പ്രവർത്തനം ആവിഷ്‌കരിക്കും. വനം വകുപ്പ് ജീവനക്കാരുടെ അംഗ സംഖ്യ വർദ്ധിപ്പിക്കാനും തീരുമാനിച്ചു. മരിച്ച മാള പുത്തൻചിറ സ്വദേശി നിഖിലിന്റെ മകൾ ആഗ്മിയയുടെ കുടുംബത്തിന് രണ്ട് ഗഡുക്കളായി പത്ത് ലക്ഷം സർക്കാർ നഷ്ടപരിഹാരമായി നൽകും.അപകടകാരികളായുള്ളത് മൂന്ന് കാട്ടാനകളാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചതനുസരിച്ച് ഇവയെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനും മന്ത്രി നിർദ്ദേശിച്ചു.