
തൃശൂർ: ഏഴ് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ചതാണ് ഈ സ്‌കൂൾ കെട്ടിടം. സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലേതടക്കം, സംസ്ഥാനത്ത് 53 സ്‌കൂൾ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കിഫ് ബി, വാപ്പ് കോസ്, കില, പ്ലാൻ ഫണ്ട്, എം.എൽ.എ ഫണ്ട് എന്നീ പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാലങ്ങളാണിവ. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. ധനകാര്യമന്ത്രി കെ.എം ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിൽ ദേശമംഗലം ഗവ. വി എച്ച് എസ് എസിൽ നടക്കുന്ന പരിപാടി സംസ്ഥാന പട്ടികജാതിപട്ടികവർഗ മന്ത്രി കെ.രാധാകൃഷ്ണൻ പങ്കെടുക്കും. മൂന്ന് കോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ദേശമംഗലം ജി.വി.എച്ച്.എസ്.എസ് , പ്ലാൻ ഫണ്ടിൽ ഉൾപ്പെട്ട അരണാട്ടുകര ജി.യു.പി.എസ്, വടക്കാഞ്ചേരി ഓട്ടുപാറ ജി.എൽ.പി.എസ്, വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്, കുന്നംകുളം തയ്യൂർ ജി.എച്ച്.എസ്.എസ്, പുതുക്കാട് ലൂർദ്ദ്പുരം ജി.എൽ.പി.എസ്, എം.എൽ.എ ഫണ്ടിൽ ഉൾപ്പെട്ട ഗുരുവായൂർ കടപ്പുറം ജി.എഫ്. യു.പി.എസ് എന്നീ സ്‌കൂളുകളാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്.
കൊലയാളി ആനയെ ഓടിച്ചുവിട്ടു
അതിരപ്പിള്ളി: കണ്ണൻകുഴിയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കാട്ടാനയെ വനപാലകർ മലകയറ്റി വിട്ടു. നാട്ടുകാരുടെ സഹകരണത്തോടെയാണ് ഇവിടെ കശുമാവിൻ തോട്ടത്തിൽ തമ്പടിച്ചിരുന്ന കൊമ്പനെ തുരത്തിയത്. കുട്ടിയെ വകവരുത്തിയത് സ്ഥിരമായി ആക്രമണകാരിയായ ആനയാണോ എന്നത് സ്ഥിരീകരിക്കലും കൂടി ഇവർ നടത്തി. കൊന്നക്കുഴി ഡെപ്യൂട്ടി റേഞ്ചർ ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം. പോയ ആന തിരികെയെത്തുന്നുണ്ടോ എന്ന് അറിയുന്നതിന് രാത്രി കാല നിരീക്ഷണവും ശക്തമാക്കി.