rasheeda

പാലക്കാട്: ഊണും ഉറക്കവുമില്ലാതെ മകൻ ബാബുവിന് വേണ്ടി പ്രാർത്ഥിച്ച് കണ്ണു നട്ടിരുന്ന ഉമ്മ റഷീദയ്ക്ക് മലമ്പുഴ ചെറാട് എലിച്ചിരം കൂർമ്പാച്ചിമലയുടെ മുകളിൽ നിന്ന് ഇന്നലെ രാവിലെ പത്തിന് വീഡിയോ കാൾ വന്നു. രക്ഷാദൗത്യ സംഘത്തിലെ സെെനികന്റെ മൊബെെലിൽ നിന്നായിരുന്നു വിളി. മകൻ ബാബുവായിരുന്നു അപ്പുറത്ത്.

ബാബുവിനെ കണ്ടെത്തുന്നതും നോക്കി മലയടിവാരത്തിലെ ഒരു വീടിന്റെ ടെറസിനു മുകളിൽ നിൽക്കുകയായിരുന്നു റഷീദ. ഫോണുമായി അവരുടെ പക്കലേക്ക് ഒരു യുവാവ് ഓടിച്ചെന്നു.

മകനാണ് അപ്പുറത്തെന്ന് അറിഞ്ഞ അവർ അതിവേഗം ഗോവണിയിറങ്ങി വന്നു. 'മോനേ, പൊന്നൂ, വെള്ളം കുടിച്ചോ... എന്നായിരുന്നു ആദ്യചോദ്യം. കാറ്റിന്റെ ശബ്ദത്തിലും പരിസരത്തെ ബഹളത്തിലും മറുപടി കേൾക്കാനായില്ല. ശബ്ദം മാത്രം കേട്ടു. അപ്പോഴേയ്ക്കും കോൾ കട്ടായി. അതുവരെ പിടിച്ചുനിന്ന റഷീദ തലയിൽ കെെവച്ച് പൊട്ടിക്കരഞ്ഞു. നാട്ടുകാർ ആശ്വസിപ്പിക്കുന്നതിനിടെ ബോധരഹിതയായി വീണു. നാട്ടുകാർ ഉടൻ സമീപത്തെ വീട്ടിൽ കിടത്തി. വെള്ളം കൊടുത്തു. സ്ഥലത്തുണ്ടായിരുന്ന ഡോ. ഉണ്ണികൃഷ്ണൻ പരിശോധിച്ചു. ബി.പി കുറഞ്ഞതും ഭക്ഷണവും വിശ്രമവും ഇല്ലാത്തതുമാണ് പ്രശ്നമായത്. ഉപ്പിട്ട കഞ്ഞിവെള്ളമെങ്കിലും കുടിക്കാനുള്ള നാട്ടുകാരുടെ നിർബന്ധം റഷീദ ചെവിക്കൊണ്ടില്ല. ഉച്ചയ്ക്ക് മകനെ രക്ഷിച്ച ഹെലികോപ്റ്റർ ആശുപത്രിയിലേക്ക് പറക്കുന്നത് വരെ ആ അമ്മ 'നോമ്പ്' നോറ്റിരുന്നു.

പറയാതെ പോയി;

നോമ്പെന്ന് ആശ്വസിച്ചു

വെള്ളമെങ്കിലും മകനെത്തിച്ചാൽ മതിയെന്നായിരുന്നു റഷീദയുടെ ആഗ്രഹം. . തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് എവിടേക്കെന്ന് പറയാതെയാണ് ഇറങ്ങിപ്പോയത്. പത്രവിതരണം കഴിഞ്ഞു വന്നാൽ കൂട്ടുകാരുമായി ഫുട്ബാൾ കളിക്കാൻ പോകാറുണ്ടായിരുന്നു. മൂന്നു മണിക്കാണ് മലയിൽ കുടുങ്ങിയ വിവരം റഷീദ അറിഞ്ഞത്. മകനു വേണ്ടിയുള്ള തെരച്ചിലിന് സാക്ഷിയായി മലമുകളിലേക്ക് നോക്കിയിരുന്നു. ഇത്രയും ദൂരേയ്ക്ക് പോകുമെന്ന് കരുതിയില്ല. അവന് വിശപ്പ് താങ്ങാനാവില്ല. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായിരുന്നു. അത്രമാത്രം ഞാൻ പ്രാർത്ഥിച്ചിരുന്നു. അവനെ തെരഞ്ഞ് കണ്ടുപിടിച്ച സെെനികർക്കും, നാട്ടുകാർ ഉൾപ്പെടെ എല്ലാവർക്കും ദെെവത്തിനും നന്ദി. - റഷീദ പറഞ്ഞു.

'അവന്റെ കൂടെപ്പോയ കുട്ടികൾ കയറാൻ പറ്റാതായപ്പോൾ തിരിച്ചു വന്നു. എന്റെ കുട്ടിക്ക് എന്ത് ദുർബുദ്ധി തോന്നിയോ ആവോ'. .

- ഹഫ്സത്ത്,

ബാബുവിൻ്റെ മുത്തശ്ശി