
തൃശൂർ: എം.ഡി.എം.എ അടക്കമുള്ള മാരക, നിരോധിത മയക്കുമരുന്നുകൾ കേരളത്തിലേക്ക് വ്യാപകമായി കടത്തുകയും നിരവധി പേർ കണ്ണികളുമാകുകയും ചെയ്യുന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ഡോഗ് സ്‌ക്വാഡിലെ മൂന്ന് നായ്ക്കൾക്ക് നിരോധിത മയക്കുമരുന്ന് കണ്ടെത്താൻ പ്രത്യേക പരിശീലനം നൽകി പൊലീസ്. പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന കേരള പൊലീസിന്റെ കെ 9 ഡോഗ് സ്‌ക്വാഡിന് കരുത്തേകാൻ പുതിയ 23 നായ്ക്കുട്ടികളാണ് ഒരുങ്ങുന്നത്. അതിൽ മൂന്നെണ്ണത്തിനാണ് വിദഗ്ദ്ധ പരിശീലനം നൽകിയത്. ഒരു നായയ്ക്ക് പ്രകൃതി ദുരന്തപ്രദേശങ്ങളിൽ നിന്ന് മൃതദേഹം കണ്ടെത്താനുള്ള (കവാഡർ) പ്രത്യേക പരിശീലനവും നൽകി. നാർക്കോട്ടിക് ഡിറ്റക്ഷൻ വിഭാഗത്തിൽ പരിശീലനം ലഭിച്ച മൂന്ന് നായ്ക്കളെ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കണ്ണൂർ റൂറൽ എന്നിവിടങ്ങളിൽ ഒന്ന് വീതവും കഡാവർ ഡിറ്റക്ഷൻ വിഭാഗത്തിൽ പരിശീലനം ലഭിച്ച നായയെ ഇടുക്കി കെ9 സ്‌ക്വാഡിനും കൈമാറും.
14 നായ്ക്കൾക്ക് സ്‌ഫോടക വസ്തുക്കൾ കണ്ടെത്താനും, അഞ്ചു നായ്ക്കൾക്ക് കുറ്റകൃത്യസ്ഥലങ്ങളിൽനിന്ന് തെളിവ് ശേഖരിക്കാനും പരിശീലനം നൽകി. സ്‌ഫോടകവസ്തുക്കൾ കണ്ടെത്താനുള്ള പരിശീലനം ലഭിച്ച നായ്ക്കളിൽ രണ്ടെണ്ണത്തിനെ ആലപ്പുഴ കെ 9 സ്‌ക്വാഡിലേക്കും, ഓരോ നായ്ക്കളെ വീതം തിരുവനന്തപുരം സിറ്റി, റൂറൽ, തൃശൂർ സിറ്റി, റൂറൽ, കോഴിക്കോട് സിറ്റി, റൂറൽ, കണ്ണൂർ സിറ്റി, റൂറൽ, കൊല്ലം സിറ്റി, എറണാകുളം റൂറൽ, കോട്ടയം എന്നീ കെ 9 സ്‌ക്വാഡുകളിലേക്കും കൈമാറും. ട്രാക്കർ വിഭാഗത്തിൽ പരിശീലനം ലഭിച്ച അഞ്ച് നായ്ക്കളെ കൊച്ചി സിറ്റി, പാലക്കാട്, കണ്ണൂർ റൂറൽ, ഇടുക്കി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഒന്ന് വീതം നിയോഗിക്കും. 23 നായ്ക്കളുടെയും പാസിംഗ് ഔട്ട് ഇന്ന് രാവിലെ 10ന് തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ നടക്കും. പരേഡിൽ ഡി.ജി.പി അനിൽകാന്ത് അഭിവാദ്യം സ്വീകരിക്കും.
ഭാഗമാകാൻ 46 ഹാൻഡ്‌ലർമാരും
സംസ്ഥാന ഡോഗ് ട്രെയിനിംഗ് സ്‌കൂളിലെ 12ാം ബാച്ചിലെ 23 നായ്ക്കളുടെയും അവയുടെ 46 ഹാൻഡ്‌ലർമാരുടെയും പരിശീലനം കഴിഞ്ഞ മാർച്ച് 19നാണ് ആരംഭിച്ചത്. ഒമ്പതു മാസത്തെ തീവ്രപരിശീലനം കഴിഞ്ഞാണ് 12 ആണും 11 പെണ്ണും അടങ്ങുന്ന ശ്വാനന്മാർ 'ഡ്യൂട്ടി'ക്ക് കയറുന്നത്.
12ാം ബാച്ച്
16 ബെൽജിയൻ മിലിയോണിസ്
നാല് ജർമ്മൻ ഷെപ്പേഡുകൾ
ഒരു ഗോൾഡൻ റിട്രീവർ
ഒരു ഡോബർമാൻ
ഒരു ലാബ്രഡോർ