പാവറട്ടി: കേരള ചരിത്രത്തിലാദ്യമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പദ്ധതികൾ വിശകലനം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി മണ്ഡലംതല മോണിറ്ററിംഗ് സമിതികളുടെ പ്രവർത്തനമാരംഭിച്ചു. യോഗത്തിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. തൃപ്രയാർ, കാഞ്ഞാണി, ചാവക്കാട് റോഡിൽ അമൃതം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികളിൽ വളരെ മോശം ഇടപെടലാണ് ജല അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ളതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഏതായാലും ഇപ്പോൾ പൊളിച്ചിട്ടിട്ടുള്ള റോഡുകൾ ഈ മാസം 15 നകം പൂർത്തീകരിക്കുമെന്നും മാർച്ച് 30 നകം ടാറിംഗ് ഉൾപ്പടെയുള്ള പ്രവൃത്തികൾ തീർക്കുമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കേച്ചേരി-മറ്റം റോഡിൽ ടാറിംഗ് ജോലികൾ ആരംഭിക്കാനിരിക്കെ ജല അതോറിറ്റി പല സ്ഥലങ്ങളിലും റോഡ് പൊളിച്ചത് ഫെബ്രുവരി 14 നുള്ളിൽ തീർത്ത് 15 മുതൽ ടാറിംഗ് നടപടികൾ ആരംഭിക്കുന്നതിന് തീരുമാനിച്ചു. കരുവന്തല-ചക്കംകണ്ടം റോഡ്, ചിറ്റാട്ടുകര-കുണ്ടുകടവ് റോഡ് എന്നിവ അടിയന്തരമായി പൂർത്തീകരിക്കും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത അജയകുമാർ, ചാന്ദിനി വേണു, ശ്രീദേവി ജയരാജൻ, സിന്ധു അനിൽകുമാർ, മിനി ജയൻ, മണലൂർ നിയോജക മണ്ഡലം നോഡൽ ഓഫീസർ റീനു എലിസബത്ത് ചാക്കോ, പൊതുമരാമത്ത് ജല അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.