ചാലക്കുടി: പ്രസ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫോട്ടോഗ്രാഫി മത്സരമായ എ.പി.തോമസ് ദൃശ്യപ്രതിഭ പുരസ്‌കാരത്തിന് എം.എസ്. സതീഷ്‌കുമാർ (നെയ്യാറ്റിൻകര) അർഹനായി. 5000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമാണ് വിജയിക്ക് സമ്മാനിക്കുക. മണി ചെറുതുരുത്തി, ബെന്നി തിത്തിയൂർ, ടോജോ.പി.ആന്റണി എന്നിവർക്ക് 1000 രൂപയും പ്രശസ്തി പത്രവും സ്‌പെഷ്യൽ ജൂറി പ്രൈസായി നൽകും. ആകാശക്കാഴ്ചകൾ എന്ന വിഷയത്തിലാണ് മത്സരം നടന്നത്. കേരളകൗമുദി ഫോട്ടോഗ്രാഫർ റാഫി എം.ദേവസി, ചിത്രകാരൻ സുരേഷ് മുട്ടത്തി, ഷോർട്ട് ഫിലിം കാമറാമാൻ പി.ആർ. റെനീഷ് എന്നിവരടങ്ങുന്ന സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. സമ്മാനദാനം മാർച്ച് മാസത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അഡ്വ.പി.കെ. സിദ്ദിക്, സെക്രട്ടറി സി.കെ. സുനിൽകുമാർ, ട്രഷറർ സി.കെ. പോൾ, വൈസ് പ്രസിഡന്റ് വി.ജെ. ജോജി, കൺവീനർ എം.ജി. ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.