എരുമപ്പെട്ടി: തയ്യൂർ ഗവ: ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് രമ്യ ഹരിദാസ് എം.പിയെ ഒഴിവാക്കിയതിനെതിരെ നിയമസഭാ സ്പീക്കർക്ക് കോൺഗ്രസ് നേതാക്കൾ പരാതി നൽകി. തയ്യൂർ ഗവ: ഹൈസ്‌ക്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവിൽ നിർമ്മിച്ച 8 ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെയാണ് നടക്കുന്നത്. ഓൺലൈനിലൂടെ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എ.സി. മൊയ്തീൻ എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്‌കൂൾ നിലനിൽക്കുന്ന പ്രദേശത്തിന്റെ എം.പിയായ രമ്യ ഹരിദാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി കോൺഗ്രസ് ആരോപിച്ചു. എം.പി ദില്ലിയിലാണെന്നും എത്താൻ കഴിയില്ലെന്നുമുള്ള ന്യായമാണ് സംഘാടകർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയും മറ്റും ഓൺലൈനിൽ പങ്കെടുക്കുമ്പോൾ എം.പിയെ ഓൺലൈനിൽ ഉൾപ്പെടുത്താതെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും വേലൂർ പഞ്ചായത്തംഗവുമായ എ.എൻ. അനിൽ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് സ്‌കൂളുകളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എം.പിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. തയ്യൂർ സ്‌കൂളിൽ നടക്കാൻ പോകുന്ന ചടങ്ങിൽ എം.പിയെ ഒഴിവാക്കിയത് തികച്ചും രാഷ്ട്രിയ പ്രേരിതമായാണ്. വിദ്യാഭ്യാസ രംഗത്തെ ഈ രാഷ്ട്രീയവത്ക്കരണ നീക്കത്തിനെതിരെ നിയമസഭാ സ്പീക്കർക്ക് പരാതി നൽകുമെന്നും അനിൽ മാസ്റ്റർ അറിയിച്ചു. രമ്യ ഹരിദാസ് രൂപരേഖ ചെയ്ത പ്രാദേശിക പരിപാടിയായ വിദ്യാജാലകം കൺവീനർ മനുമാസ്റ്റർ, മനുഷ്യാവകാശ പ്രവർത്തകൻ വിപിൻ മാസ്റ്റർ തയ്യൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.