crime

തൃശൂർ: കെട്ടിട നികുതി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട മേൽ പരിശോധനയ്ക്കായി വീട്ടിലെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും അവരെ തെറി വിളിക്കുകയും ചെയ്ത കേസിൽ വീട്ടുടമ അറസ്റ്റിൽ. അടാട്ട് രോഹിണി ഭവനിൽ നാരായണ ദാസ് മകൻ സഞ്ജുദാസാണ് അറസ്റ്റിലായത്.

ആഡംബര നികുതിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർ അളന്നു നൽകിയ വീടുകളിൽ മേൽ പരിശോധന നടത്താനായി രൂപീകരിക്കപ്പെട്ട സ്‌ക്വാഡിലെ ഡെപ്യൂട്ടി തഹസിൽദാർ എൻ.സി ബീന, വില്ലേജ് ഓഫീസർ വിന്നി വർഗീസ് എന്നിവരെയും കൂടെയുണ്ടായിരുന്ന ജീവനക്കാരെയുമാണ് ഇയാൾ തടഞ്ഞുവച്ച് അസഭ്യവർഷം നടത്തിയത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.

റവന്യൂ ഉദ്യോഗസ്ഥർ വീട്ടിലുള്ളവരുടെ അനുവാദമെടുത്ത ശേഷം കെട്ടിടത്തിന്റെ പുറം ഭാഗം അളന്നു കൊണ്ടിരിക്കെ വീട്ടിൽ നിന്നിറങ്ങിവന്ന സഞ്ജുദാസ്, ഉദ്യോഗസ്ഥരെ തെറി വിളിക്കുകയും അളവ് തടസ്സപ്പെടുത്തുകയുമായിരുന്നു. അളക്കുന്നതിന് മുമ്പ് നോട്ടീസ് നൽകണമെന്ന ഇയാളുടെ ആവശ്യം അംഗീകരിച്ച് മടങ്ങാൻ വാഹനത്തിൽ കയറിയ ഉദ്യോഗസ്ഥരെ സഞ്ജുദാസ് തന്റെ വാഹനം കുറുകെയിട്ട് തടയുകയും തെറി വിളിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ വിവരം അറിയിച്ചത് പ്രകാരം തഹസിൽദാർ ടി. ജയശ്രീ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തിയ ശേഷമാണ് ഇയാളുടെ വാഹനം മാറ്റി ഉദ്യോഗസ്ഥർക്ക് മടങ്ങാൻ വഴിയൊരുക്കിയത്.

തുടർന്ന് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം ഇയാൾക്കെതിരേ കേസെടുത്തു. കൃത്യനിർവഹണം തടസപ്പെടുത്തി, വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദമായി പെരുമാറി തുടങ്ങിയ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.