pathmasree-unni-gurukkal
പത്മശ്രീ ലഭിച്ച ഉണ്ണി ഗുരുക്കളുടെ വരച്ച കളർ ചിത്രവുമായി ആർട്ടിസ്റ്റ് ചില്ലി സുനി.

ചാവക്കാട്: പത്മശ്രീ ബഹുമതി ലഭിച്ച ചാവക്കാട് വല്ലഭട്ടകളരി ഗുരുക്കൾ ശങ്കരനാരായണ മേനോന് (ഉണ്ണി ഗുരുക്കൾ) അദ്ദേഹത്തിന്റെ കളർ ചിത്രം വരച്ച് നൽകി ആർട്ടിസ്റ്റ് ചില്ലി സുനി. കളർ പെൻസിൽകൊണ്ട് രണ്ട് മണിക്കൂറെടുത്താണ് വാളും പരിചയും പിടിച്ചിരിക്കുന്ന ഗുരുക്കളുടെ ചിത്രം വരച്ച് അദ്ദേഹത്തിന് ഉപഹാരമായി സമർപ്പിച്ചത്. വല്ലഭട്ട കളരിയിലെത്തി ഗുരുക്കൾക്ക് ചിത്രം സമ്മാനിച്ചു. മണത്തല നാഗയക്ഷി ക്ഷേത്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ.വി. മുരളി, ഒ.കെ. അജിത്ത്, പി.എസ്. അനി എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമും ഉൾപ്പെടെയുള്ളവരുടെ ആയിരത്തോളം ചിത്രങ്ങളാണ് ചില്ലി സുനി ഇതിനകം വരച്ച് തീർത്തത്. ഗുരുവായൂരപ്പന്റെ ചിത്രം വരച്ച് ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചിരുന്നു. വരച്ച ചിത്രങ്ങൾക്ക് പ്രതിഫലം ഒന്നും കൈപ്പറ്റാതെ സൗജന്യമായി നൽകുകയാണ് ചില്ലി സുനിയെന്ന ഈ കലാകാരൻ.