കുന്നംകുളം: സാമൂഹിക ജീവിതത്തിന് പുതിയ മാനം നൽകി കുന്നംകുളത്ത് പൊതു അടുക്കള പ്രസ്ഥാനത്തിന് തുടക്കമായി. ജോലിയ്ക്ക് പോകുന്ന ദമ്പതിമാർക്കും പ്രായാധിക്യംകൊണ്ട് അടുക്കള ജോലികൾ പ്രയാസമാകുന്നവർക്കും രാവിലെ 8 മണിയോടെ വീടുകളിൽ ഭക്ഷണമെത്തിച്ച് കൊടുക്കുകയാണ് പൊതു അടുക്കള വഴി ലക്ഷ്യമിടുന്നത്. കേരളത്തിൽ പൊന്നാനി, ബാലുശ്ശേരി എന്നിവിടങ്ങളിൽ ആരംഭിച്ചിട്ടുള്ള പൊതുഅടുക്കള പ്രസ്ഥാനം മൂന്നാമത് തുടക്കം കുറിക്കുന്നത് കുന്നംകുളത്താണ്. കുന്നംകുളം കോട്ടയിൽ റോഡിലുള്ള പള്ളിക്കര ശ്രീജ മോഹനന്റെ അടുക്കളയിലാണ് കുന്നംകുളത്തെ ആദ്യ പൊതു അടുക്കള ആരംഭിച്ചത്. 20 വീട്ടുകാർക്കായി പൊതുവായി ഒരടുക്കളയിൽ മുൻകൂട്ടി നിശ്ചയിച്ച മെനു പ്രകാരമുള്ള പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും രാത്രിയ്ക്കുമുള്ള കറികളും ഉപ്പേരിയും തയ്യാറാക്കി കണ്ടെയ്‌നറുകളിലാക്കി എല്ലാ ദിവസവും എത്തിച്ച് നൽകും. ഇതിനാവശ്യമായ സാധന സാമഗ്രികൾ പൊതുവായി വാങ്ങി ബില്ലുകൾ മാസംതോറും പങ്കിടും. ഭക്ഷണം പാകം ചെയ്യുന്നവർക്കും ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതിനും ഒരു വേതനം നിശ്ചയിച്ച് നൽകുകയും ചെയ്യുന്നുണ്ട്. ആരംഭ ദിവസമായ ബുധനാഴ്ച 19 കുടുംബങ്ങളിലേയ്ക്ക് ഉദ്ദേശം 50 ഓളം പേർക്കുള്ള ഇഡലിയും സാമ്പാർ, ചട്ണി എന്നിവയും ഉച്ചയ്ക്കും രാത്രിയ്ക്കുമുള്ള മീൻകറിയും കാബേജ് തോരനുമാണ് തയ്യാറാക്കി നൽകുന്നത്. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ആദ്യ ഭക്ഷണപ്പൊതി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത്, പൊതു അടുക്കളയിൽ പങ്കാളികളായ ഡോ. വി.ടി. ജയറാം, ബിജു ജേക്കബ്, സുധീർ സി.എൻ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.