national-highway

തൃപ്രയാർ: ദേശീയപാത വീതി കൂട്ടാൻ ഭൂമി ഏറ്റെടുത്തതോടെ, തൃപ്രയാർ കുന്നത്തുള്ളി മുരളീധരന്റെ അടുക്കള പെരുവഴിയിലായി. പക്ഷേ പാതയ്ക്കെതിരെ സമരം ചെയ്യാനൊന്നും ഇറങ്ങാതെ മുരളീധരൻ വീട് നീക്കിവയ്ക്കാമെന്ന് തീരുമാനിച്ചു. വീട് നീക്കിവയ്ക്കുന്ന പണി ചൊവ്വാഴ്ച തുടങ്ങി.

2019ൽ നെടുപുഴ പള്ളി പകുതി മുറിച്ച് വലുപ്പം കൂട്ടി മാറ്റിവെച്ച ഹരിയാനയിലെ റയ്‌സ് ടി.ഡി.ആർ.ബി എന്ന കമ്പനിയെയാണ് മുരളീധരൻ സമീപിച്ചത്. ഇപ്പോൾ വീട് നിൽക്കുന്നത് 200 ഓളം ജാക്കികളിലാണ്. നിലവിലെ വീട് ഉയർത്തിയശേഷം തറയിലെ കരിങ്കല്ലും മണലും മാറ്റി 18 അടി മുന്നിലേക്കാണ് മാറ്റുന്നത്. മൂന്ന് അടി ഉയരവും കൂട്ടും. റെയിലിലൂടെയാണ് വീട് നീക്കുക. മാറ്റിവയ്ക്കുന്ന സ്ഥലത്ത് തറ നിർമ്മിച്ചു കഴിഞ്ഞു. മൂന്നു വർഷം മുമ്പാണ് തൃപ്രയാർ ബസ് സ്റ്റാൻഡിനു പിറകിൽ കുന്നത്തുള്ളി പുതിയ വീട് വെച്ചത്.

3 അടിയോളം ഇതുവരെ നീക്കി. 18 അടിയോളം നീക്കേണ്ടി വരും. ഫെബ്രുവരിക്കുള്ളിൽ പണി പൂർത്തീകരിക്കും.

ദേശീയ പാത കടന്നുപോവുന്നത് ഈ വഴിയാകുമെന്ന സംശയത്തിൽ, വീടിന് തറകെട്ടി കാത്തിരുന്നത് വർഷങ്ങളോളമാണ്.

ഒറ്റമുറി കെട്ടിടം പണിത് അതിലായിരുന്നു താമസം. പിന്നീട് വീട് പണി പൂർത്തിയാക്കി. 16 സെന്റിലാണ് വീട് പണിതത്. 9 സെന്റ് സ്ഥലം ദേശീയ പാത വികസനത്തിനായി പോവും. ഇപ്പോൾ വീട് അറുത്തുമാറ്റേണ്ടി വരുമെന്ന സ്ഥിതിയായതോടെ പല വഴികളും ആലോചിച്ചു. ഇന്റർനെറ്റിൽ പരതിയാണ് വീട് മാറ്റിവയ്ക്കുന്നവരെ കണ്ടുപിടിച്ചത്. നെടുപുഴ പള്ളിയിൽ പോയി വികാരിയെ കണ്ടു ഉറപ്പും വാങ്ങി. ഇതോടെ റയ്‌സിന് അഡ്വാൻസും നൽകി. 13 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയുമാണ് കമ്പനിക്ക് നൽകേണ്ടത്. ഡിസംബർ രണ്ടിനാണ് വീട് നീക്കിവയ്ക്കാനുള്ള പണി ആരംഭിച്ചത്. മൂന്നുമാസമാണ് കരാർ കാലാവധി. വീട് മുന്നിലേക്ക് നീക്കുന്ന പണിക്ക് ദിവസേന 10 മുതൽ 15 വരെ തൊഴിലാളികളാണുള്ളത്.